ലോക്ക്ഡൗണ്‍ കാലയളവില്‍ കൃഷിക്ക് പ്രാധാന്യം നല്‍കണം

post

കോഴിക്കോട് : ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ സാധ്യമായ എല്ലാ സ്ഥലങ്ങളിലും കൃഷി ചെയ്യുന്നതിന് എല്ലാവരും തയ്യാറാകണമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തങ്ങളുടെ കീഴിലുള്ള സ്ഥലങ്ങളില്‍ എല്ലാ വകുപ്പ് മേധാവികളും കൃഷിക്ക് പ്രാധാന്യം നല്‍കണം. വിഷരഹിതമായ ഭക്ഷണത്തിനോടൊപ്പം ഇക്കാര്യത്തില്‍ സ്വയംപര്യാപ്ത നേടുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാരും ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവരുടെ 'ടീം വര്‍ക്കാ'ണ് കോഴിക്കോട് ജില്ലയെ കൂടുതല്‍ ദുരന്തത്തിലേക്ക് പോകാതെ പിടിച്ചു നിര്‍ത്തിയതെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ കൊവിഡ് 19ന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സംസ്ഥാനത്തേക്ക് ആളുകള്‍ എത്താന്‍ പോകുകയാണ്. ഇങ്ങനെ വരുന്ന സാഹചര്യത്തില്‍ അതുവഴി സമൂഹവ്യാപനം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതിന് നിലവിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍, ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാം.

മഴ പെയ്തു തുടങ്ങി. ഒപ്പം വരള്‍ച്ചയുടെ കാലവുമാണ്. ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊവിഡിനിടയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത്, ആരോഗ്യ വകുപ്പുകളടക്കമുള്ളവര്‍ ഇത് ശ്രദ്ധിച്ച് വ്യക്തമായ മുന്നൊരുക്കം നടത്തണം.

ഭക്ഷണത്തിന്റെയോ നാട്ടിലേക്ക് മടങ്ങുന്നതിന്റെയോ അടക്കമുള്ള കാര്യങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ട്. അത് ഉണ്ടാകാതിരിക്കാന്‍ നല്ല ജാഗ്രത വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ കണക്ക് തൊഴില്‍ വകുപ്പ് ശേഖരിക്കുന്നുണ്ട്. മടങ്ങാനാഗ്രഹിക്കുന്ന അതിഥി തൊഴിലാളികളില്‍, തൊഴില്‍ സുരക്ഷിതത്വമില്ലാത്തവര്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും നിര്‍ദ്ദേശിച്ചു.

നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനായിട്ടില്ല. റോഡിലെ തിരക്ക് ഒഴിവാക്കിയേ പറ്റൂ. ശക്തമായ നടപടി സ്വീകരിക്കുന്നതോടൊപ്പം നല്ല  നിലയില്‍ പെരുമാറാനും പൊലീസ് ശ്രദ്ധിക്കണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം. കൊവിഡ് കാലം കഴിഞ്ഞാലും കൈ ശുചീകരിക്കുന്നതും അണുനാശിനി ഉപയോഗിക്കുന്നതും ജീവിതചര്യയുടെ ഭാഗമായി മാറുന്ന തരത്തിലേക്ക് ബോധവല്‍ക്കരണവും നടപടിയും സ്വീകരിക്കണം. തൊഴില്‍ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് മാസ്‌ക്, കൈയുറ തുടങ്ങിയ സുരക്ഷാസംവിധാനങ്ങളുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ വകുപ്പ് ശ്രദ്ധിക്കണമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്ലാവര്‍ക്കും മന്ത്രി മെയ് ദിനാശംസ നേര്‍ന്നു.

ബീച്ച് ജനറല്‍ ആശുപത്രി, വടകര ജില്ലാ ആശുപത്രി, എല്ലാ താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ചികിത്സ സംവിധാനം സജ്ജമാണെന്ന് ഡിഎംഒ യോഗത്തില്‍ അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള ചികിത്സക്ക് മാത്രമേ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലേക്ക് ശുപാര്‍ശ ചെയ്യേണ്ടതുള്ളൂ.

കൊവിഡ് പരിശോധന, പൊലിസ് നടപടികള്‍, കാന്‍സര്‍ അടക്കമുള്ള മരുന്നുകളുടെയും കൊവിഡ് സുരക്ഷാ കിറ്റുകള്‍, റേഷന്‍ സംവിധാനത്തിലെ അരി, ഭക്ഷ്യകിറ്റുകള്‍ എന്നിവയുടെ വിതരണം, പ്രവാസികളുടെ മടങ്ങിവരവിന് സ്വീകരിച്ച നടപടികള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തി. 

ജില്ലാ കലക്ടര്‍ സാംബശിവറാവു, ഡിഎംഒ വി ജയശ്രീ, ഡെപ്യൂട്ടി കമ്മിഷണര്‍ ചൈത്ര തെരേസ ജോണ്‍, എ. ഡി. എം റോഷ്നി നാരായണന്‍, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.