വലിയങ്ങാടിയിലേക്ക് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡുകള്‍

post

പ്രവേശനം ഒരു വഴിയില്‍ കൂടി മാത്രമാക്കും

കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് വലിയങ്ങാടിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും നിരവധി വാഹനങ്ങള്‍ വരുന്ന വലിയങ്ങാടിയിലെ സ്ഥിതിഗതികള്‍ ജില്ലാ കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിട്ട് കണ്ട് വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടി. ചെക്ക് പോസ്റ്റുകള്‍ വഴി വലിയങ്ങാടിയിലേക്ക് വരുന്ന വാഹനങ്ങള്‍ വലിയങ്ങാടിയിലെ പ്രവേശന കവാടത്തില്‍ പരിശോധിക്കുന്നതിന് പ്രത്യേകം സ്‌ക്വാഡുകളെ നിയമിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.ഇതരസംസ്ഥാനത്തു നിന്ന് ജില്ലയിലേക്ക് അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ആവശ്യമായ രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ട്. വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും സഹായികളെയും ജില്ലാ അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളില്‍ സക്രീനിംഗിന് വിധേയമാക്കുകയും ഇവര്‍ക്ക് ഹെല്‍ത്ത് സ്ലിപ്പ് നല്‍കുകയും ചെയ്യും. ഈ സ്ലിപ്പില്‍ ജില്ലയില്‍ പ്രവേശിച്ച ദിവസം, സമയം എന്നിവ രേഖപ്പെടുത്തും. സ്ലിപ്പുകള്‍ വലിയങ്ങാടിയിലെ പ്രവേശനകവാടത്തിലെ ടീം പരിശോധിച്ച് എത്തിയ സമയം രേഖപ്പെടുത്തും. ഇവര്‍ അനാവശ്യമായി ജില്ലയില്‍ കറങ്ങിനടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടി. കൂടാതെ ചെക്ക് പോസ്റ്റുകളില്‍ പരിശോധിക്കാത്തവരെ വലിയങ്ങാടിയില്‍ നിന്നും ലോഡ് ഇറക്കി പോവുന്ന സമയം പരിശോധിക്കാനായി ഒരു ജീവനക്കാരനെയും രണ്ട് വളണ്ടിയര്‍മാരെയും നിയോഗിക്കും.

ഈ സ്‌ക്വാഡുകളിലേക്ക് രണ്ട് ഷിഫ്റ്റുകളിലായി റവന്യൂ ഇന്‍സ്പെക്ടര്‍/ വില്ലേജ് ഓഫീസര്‍ തസ്തികയില്‍ കുറയാത്ത ജീവനക്കാരനെ നിയമിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെയും സ്‌ക്വാഡുകളോടൊപ്പം പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് സിറ്റി ജില്ലാ പൊലീസ് മേധാവിയെയും സ്‌ക്വാഡുകളോടൊപ്പം ഒരു ആരോഗ്യ പ്രവര്‍ത്തകനെ മെഡിക്കല്‍ സ്‌ക്രീനിംഗിനായി നിയോഗിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെയും കലക്ടര്‍ ചുമതലപ്പെടുത്തി. പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങള്‍ കാണുന്നവരെ നേരിട്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റും.വലിയങ്ങാടിയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഒരു സ്ഥലത്തു കൂടി മാത്രമാക്കി പരിമിതപ്പെടുത്തി ഈ പ്രവേശന കവാടത്തില്‍ ഒന്നിനു പുറകെ ഒന്ന് എന്ന ക്രമത്തില്‍ വാഹനത്തിന്റെ ഡ്രൈവറെയും സഹായിയെയും പരിശോധിക്കണം. ഇവര്‍ക്ക് നിര്‍ബന്ധമായും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നല്‍കേണ്ടതാണ്. ബ്രേക്ക് ദ ചെയ്ന്‍ സംവിധാനങ്ങള്‍ പ്രവേശനകവാടത്തില്‍ വ്യാപാരികളുമായി ചേര്‍ന്ന് കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തും.

ഇതരജില്ല/ സംസ്ഥാനത്ത് നിന്നു വരുന്ന വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി ശുചിമുറി ഒരുക്കേണ്ട ചുമതല കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്കുമാണ്. വലിയങ്ങാടി പരിസരം യഥാസമയം അണുവിമുക്തമാക്കാന്‍ ഡിവിഷണല്‍ ഫയര്‍ ഓഫീസറെയും ചുമതലപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) കെ ഹിമ, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ എന്‍.എച്ച്) അനിതകുമാരി എന്നിവര്‍ക്കു നല്‍കി.