മെയ് 3 വരെ കോഴിക്കോട് ജില്ലാ റെഡ് സോണില്‍, നിയന്ത്രങ്ങളില്‍ ഇളവുകളില്ല
 
                                                കോഴിക്കോട് : ജില്ലയില്‍ ലോക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരും. പതിനേഴ് കേന്ദ്രങ്ങളാണ് അതി തീവ്ര മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും തുടരും. ഏപ്രില്‍ 20 ന് ശേഷം നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭാഗികമായ ഇളവുകളൊന്നും ജില്ലയില്‍ ബാധകമാവില്ല. ജില്ലയില്‍ മെയ് മൂന്ന് വരെ നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളുമുണ്ടാകില്ല.
ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നുണ്ട്. 24 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 13പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ മുഴുവന്‍ പേരും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ്. ജില്ലയിലെ കോവിഡ് 19 രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടേയും നിരീക്ഷണ കാലയളവ് പൂര്‍ത്തിയായിട്ടില്ല. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ കുറച്ചു പേര്‍ കൂടി നിരീക്ഷണത്തില്‍ തുടരുകയാണ്.ഇത് പരിഗണിച്ചു ജില്ല മുഴുവന്‍ അതി തീവ്ര മേഖലയായി പരിഗണിച്ച് ഇതുവരെ തുടര്‍ന്ന നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തന്നെ തുടരും. ഇതില്‍ വരുന്ന മാറ്റങ്ങള്‍ യഥാസമയം പൊതുജനങ്ങളെ അറിയിക്കുന്നതാണ്.
ജില്ലയില്‍ തുടരുന്ന നിയന്ത്രണങ്ങള്‍
അതി തീവ്ര മേഖലകളായ പഞ്ചായത്തുകളിലും നഗരസഭകളിലും അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ ഒരു കാരണവശാലും അനുവദിക്കില്ല.
ഏറ്റവും അത്യാവശ്യ യാത്രകള്‍ മാത്രമെ രോഗബാധിത പഞ്ചായത്തുകള്‍ക്ക് അകത്തും അനുവദിക്കൂ.
പുറത്തിറങ്ങുന്നവരെ പൊലീസ് കര്‍ശനമായി പരിശോധിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും.
നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ മാത്രമെ മെയ് മൂന്നു വരേയും തുറക്കാന്‍ പാടുള്ളു.
രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ തന്നെയായിരിക്കും പ്രവര്‍ത്തന സമയം.
ഇപ്പോള്‍ നിലവിലുള്ള അവശ്യ സേവനങ്ങള്‍ക്കല്ലാതെ മറ്റ് സ്ഥാപനങ്ങള്‍ക്ക് (ബാര്‍ബര്‍ ഷോപ്പുകള്‍ ഉള്‍പ്പെടെ) ജില്ലയില്‍ പ്രവര്‍ത്തനാനുമതി ഇല്ല.
പ്രവര്‍ത്തനാനുമതി ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുകയോ അനാവശ്യമായി കൂട്ടം കൂടുകയോ ചെയ്താല്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരും.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നത് ആരോഗ്യ ജാഗ്രത ലംഘിക്കാനുള്ള കാരണമായി ആരും കാണരുത്










