തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

post

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ആരെയും വിട്ടുപോകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഒബ്സര്‍വര്‍ നിര്‍ദേശം നല്‍കി. വോട്ടര്‍പട്ടിക കുറ്റമറ്റ രീതിയില്‍ പ്രസിദ്ധീകരിക്കുന്നതിന് രാഷ്ട്രീയ കക്ഷികളുടെ സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു. വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് വിശദീകരിച്ചു.

ഒരേ വീട്ടിലെ ആളുകള്‍ വ്യത്യസ്ത ബൂത്തുകളില്‍ വരുന്നത്, ഇലക്ഷന്‍ കമീഷന്റെ സൈറ്റിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍, നേരത്തെയുണ്ടായിരുന്ന ബൂത്തുകള്‍ മാറല്‍ എന്നിവയടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ ഗൗതം രാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിക ഉദയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി പി ശാലിനി, എം രേഖ, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.