റിപ്പബ്ലിക് ദിനം ജില്ലാതല ആഘോഷം: മുന്നൊരുക്കങ്ങൾ വിലയിരുത്തി
രാജ്യത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കളക്‌റേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. ജനുവരി 26-ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിലാണ് ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടക്കുക. വിവിധ വിഭാഗങ്ങളുടെ പരേഡ്, സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, പരേഡിനുള്ള മൈതാനം സജ്ജമാക്കൽ തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.
ജനുവരി 22-നും 23-നും പരേഡ് റിഹേഴ്‌സലും 24-ന് അന്തിമ ഡ്രസ് റിഹേഴ്‌സലും നടക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, സ്‌കൂൾ ബാൻഡ് അടക്കമുള്ള പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരക്കുക. യോഗത്തിൽ സബ് കളക്ടർ എസ് ഗൗതം രാജ്, റൂറൽ എസ് പി ഇ കെ ബൈജു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.









