പാലിയേറ്റീവ് ഗ്രിഡ് കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു

post

ജില്ലാതല പാലിയേറ്റീവ് കെയർ കോർഡിനേഷൻ കമ്മിറ്റിയുടെ പ്രഥമ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിലിൻ്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാതല പാലിയേറ്റീവ് കെയർ കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പങ്കെടുത്തു.

കിടപ്പുരോഗികളായ എല്ലാവർക്കും സാന്ത്വന പരിചരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള കെയർ- പാലിയേറ്റീവ് ഗ്രിഡ് സംവിധാനം സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ മാർഗ്ഗരേഖ പരിഷ്കരിച്ച് ഉത്തരവായതിനെ തുടർന്നാണ് ജില്ലാതല പാലിയേറ്റീവ് കെയർ കോർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നത്. ജില്ലാതലത്തിൽ നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. പാലിയേറ്റീവ് കെയർ ഗ്രിഡുമായി ബന്ധപ്പെട്ട് നടത്തേണ്ട തുടർ പ്രവർത്തനങ്ങൾ, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കേണ്ട പാലിയേറ്റീവ് പദ്ധതികൾ എന്നിവ യോഗം ചർച്ച ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുനീർ എരവത്, വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാൽക്കീസ് ടീച്ചർ, എൽ എസ് ജി ഡി ഡെപ്യൂട്ടി ഡയറക്ടർ കെ വി രവികുമാർ, അഡീഷനൽ ഡിഎംഒ ഡോ. വി പി രാജേഷ്, നാഷണൽ ഹെൽത്ത് മിഷൻ ഡിപിഎം ഡോ. സി കെ ഷാജി, ആർദ്രം മിഷൻ കോർഡിനേറ്റർ ഡോ. അഖിലേഷ്, ജില്ലാ പാലിയേറ്റീവ് കെയർ കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.