ഹരിതചട്ടം പാലിക്കൽ: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി പാലിക്കൽ ഉറപ്പാക്കുന്നതിനുള്ള ഫീൽഡ് പരിശോധനയിൽ നിരോധിത ഉൽപന്നങ്ങൾ തിരിച്ചറിയുന്നതിനായി ഉദ്യോഗസ്ഥർക്ക് പരിശീലനം സംഘടിപ്പിച്ചു. നിരോധിത ഉൽപന്നങ്ങളായ പി.വി.സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോണ്‍, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി, പ്ലാസ്റ്റിക് പി.വി.സി അടങ്ങിയ മറ്റ് പ്രചാരണ സാമഗ്രികൾ, പ്രചാരണത്തിൽ അനുവദനീയമായ പോളി എത്തലിൻ, കോട്ടണ്‍ എന്നിവ പരിശീലനത്തിൽ പരിചയപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന പരിശീലനം തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ ഇ ടി രാകേഷ്, ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദ് എന്നിവർ ക്ലാസെടുത്തു. ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ എ എൻ അഭിലാഷ്, അനിൽകുമാർ നൊച്ചിയിൽ, ജില്ലാ എംപവർമെന്റ് ഓഫീസർ ഡോ. പി പ്രിയ, ശുചിത്വ മിഷൻ അസി. കോഓഡിനേറ്റർമാരായ ഡെസ്നി, സരിത്ത്, രാധാകൃഷ്ണൻ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
അടുത്ത ദിവസം മുതൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ഫീൽഡിൽ പരിശോധന നടത്തി നിരോധിത പ്രചാരണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വികരിക്കും.










