വെളിനല്ലൂരില്‍ മൃഗാശുപത്രിയുടെ പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു

post

കൊല്ലം വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍പുതിയ മൃഗാശുപത്രി കെട്ടിടം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തെ പാലുല്പാദനം ഇരട്ടിയാക്കാന്‍ വര്‍ഷംതോറും ഒരു ലക്ഷം പശുക്കിടാങ്ങളെ ദത്തെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

പശുക്കിടാങ്ങളെ ദത്തെടുത്ത് സൗജന്യനിരക്കില്‍ തീറ്റയും ധാതുലവണമിശ്രിതങ്ങളും നല്‍കും. കാളക്കുട്ടികളെയും സംരക്ഷിച്ച്‌വളര്‍ത്തി മാംസോത്പാദനവും വര്‍ദ്ധിപ്പിക്കും.  പൊതുമേഖലസ്ഥാപനമായ കേരളഫീഡ്‌സ് തീറ്റയുണ്ടാക്കും. മില്‍മ ക്ഷീരസംഘങ്ങള്‍ - മൃഗാശുപത്രികള്‍ വഴി കര്‍ഷകര്‍ക്ക് ഉരുക്കളെ രജിസ്റ്റര്‍ ചെയ്യാം. ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അന്‍സര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, പഞ്ചായത്തംഗങ്ങളായ ജെ.റീന, ബി.ബിജു, എച്ച് സഹീദ്, കരിങ്ങന്നൂര്‍ സുഷമ, ജെസീന ജെമില്‍, കെ. വിശാഖ്, കെ. ലിജി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.രമ.ജി. ഉണ്ണിത്താന്‍, ഡോ. എസ്. ദീപ്തി, ഡോ കെ. മാലിനി, ഡോ.റ്റി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.