മുഖ്യമന്ത്രി വാക്കുപാലിച്ചു; പെൻഷൻ കുടിശിക രാമൻകുട്ടിയുടെ ബാങ്ക് അക്കൗണ്ടിലെത്തി

post

രാമൻകുട്ടിയുടെ 12 വർഷത്തെ കാത്തിരിപ്പിന് വിരാമം

മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയുടെ പരിഹാരം  അറിയിക്കാനാണ് ഒക്ടോബർ 22ന്  പാലക്കാട് പ്ലാച്ചിക്കാട്ടിൽ പി. രാമൻകുട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണിൽ വിളിച്ചത്. അന്ന് 'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമൻകുട്ടി...' എന്ന് മുഖ്യമന്ത്രി പറഞ്ഞത് പാലിക്കപ്പെട്ടു.

2013 മെയ് മുതൽ 2022 നവംബർ വരെയുള്ള പെൻഷൻ കുടിശ്ശികയും 2025 ഒക്ടോബറിലെ പെൻഷനൊപ്പം ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. 247340 രൂപയാണ് രാമൻകുട്ടിക്ക് ലഭിച്ചത്. മുഴുവൻ കുടിശ്ശികയും അക്കൗണ്ടിൽ എത്തിയെന്ന വിവരം സിറ്റിസൺ കണക്റ്റ് കോൾ സെന്ററിൽ നിന്ന് രാമൻകുട്ടിയെ അറിയിച്ചു.

2013 ഏപ്രിലിലാണ് രാമൻകുട്ടി ചെത്ത് തൊഴിലിൽ നിന്ന് വിരമിക്കുന്നത്. തൊട്ടടുത്ത മാസം മുതൽ ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നുള്ള പെൻഷൻ അദ്ദേഹത്തിന് ലഭിക്കേണ്ടതായിരുന്നു. എന്നാൽ പെൻഷൻ വിതരണം ചെയ്യുന്ന സോഫ്റ്റ്‌വെയറിലെ പിഴവ് കാരണം രാമൻകുട്ടിയുടെ പെൻഷൻ അതേ പേരുള്ള മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയിരുന്നത്.

2022-ൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് 2022 ഡിസംബർ മാസം മുതൽ 3500 രൂപ നിരക്കിലുള്ള പ്രതിമാസ പെൻഷൻ രാമൻകുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നുതുടങ്ങി. ഇത് വലിയ ആശ്വാസമായെങ്കിലും 2013 മെയ് മുതൽ 2022 നവംബർ വരെയുള്ള ഏകദേശം ഒൻപതര വർഷത്തെ കുടിശികത്തുക സംബന്ധിച്ച് മാത്രം തീരുമാനമായിരുന്നില്ല.

വഴിത്തിരിവായത് മുഖ്യമന്ത്രി എന്നോടൊപ്പം - സിറ്റിസൺ കണക്റ്റ് കാൾ സെന്ററിലേക്ക് വന്ന ഫോൺ കോൾ ആയിരുന്നു. രാമൻകുട്ടിയുടെ പരാതിയുടെ സ്വീകരിച്ച കോൾ സെന്റർ അധികൃതർ വിഷയം അടിയന്തരമായി ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് വെൽഫെയർ ഇൻസ്‌പെക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

തുടർന്ന് നടപടികൾ വേഗത്തിലായി. പാലക്കാട് ഓഫീസിൽ നിന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലേക്ക് അടിയന്തരമായി എത്തിച്ചു. ഒക്ടോബർ 17-ന് ചേർന്ന ക്ഷേമനിധി ബോർഡിന്റെ 705-ാമത് യോഗം രാമൻകുട്ടിയുടെ വിഷയം പ്രത്യേകമായി പരിഗണിച്ച് തുക അനുവദിക്കുകയായിരുന്നു.