ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകള്‍ ഉദ്ഘാടനം ചെയ്തു
ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കരുവന്തിരുത്തി-പാണ്ടിപ്പാടം വെസ്റ്റ് നല്ലൂര് റോഡ്, മങ്ങാട്ട് ചെനപറമ്പ് റോഡ്, രാമനാട്ടുകര നഗരസഭയിലെ കൃഷിഭവന് റോഡ്, ഫറോക്ക് നഗരസഭയിലെ നാക്കുന്നപാടം റോഡ് എന്നിവയാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.

പൊതുമരാമത്ത് വകുപ്പ് 3.15 കോടി രൂപ ചെലവിട്ടാണ് ഫറോക്ക് കരുവന്തിരുത്തി-പാണ്ടിപ്പാടം റോഡ് നവീകരിച്ചത്. ഡ്രൈനേജ്, ഓവുചാല്‍, സുരക്ഷാ ബോര്‍ഡുകള്‍ എന്നിവയും നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വെസ്റ്റ് നല്ലൂര് ആര്.ഒ.ബി ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ഫറോക്ക് നഗരസഭ കൗണ്‍സിലര്‍ വിനോദ് കുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ പി ദീപിക, എ ലിനിഷ, കെ പി ലൈല, സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി കെ മിനി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ രഞ്ജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ വകയിരുത്തിയാണ് രാമനാട്ടുകര നഗരസഭയിലെ കൃഷിഭവന് റോഡ് ഡ്രൈനേജ് സംവിധാനത്തോടെ ആധുനിക രീതിയില്‍ നവീകരിച്ചത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വി എം പുഷ്പ അധ്യക്ഷയായി. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ പി കെ അബ്ദുല്ലത്തീഫ്, സ്ഥിരം സമിതി അധ്യക്ഷരായ സലിം രാമനാട്ടുകര, പി ടി നദീറ, ടി ഗീത, വാര്‍ഡ് കൗണ്‍സിലര്‍ ബുഷ്റ റഫീഖ്, വാര്‍ഡ് വികസന സമിതി ജോയിന്റ് കണ്‍വീനര്‍ യു ഗൗരി എന്നിവര്‍ സംസാരിച്ചു.

എംഎല്‍എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫറോക്ക് നഗരസഭയിലെ നാക്കുന്നപാടം റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ഡിവിഷന് കൗണ്‍സിലര്‍ കെ വിജിത കുമാരി അധ്യക്ഷയായി. സ്വാഗതസംഘം കണ്‍വീനര്‍ സേതുമാധവന്, ഹരിദാസന് കുറിയേടത്ത് എന്നിവര്‍ സംസാരിച്ചു.
കരുവന്തിരുത്തിയിലെ മങ്ങാട്ട് ചെനപറമ്പ് റോഡ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ കൗണ്‍സിലര്‍ പി ഷീബ അധ്യക്ഷയായി. കൗണ്‍സിലര്‍മാരായ കെ എം അഫ്സല്, പി രജനി, ഡിവിഷന് കണ്‍വീനര്‍ മോഹന്‍ദാസ് കിഴക്കേടത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










