മാറാട് നെറ്റ് മെന്‍ഡിങ് യാര്‍ഡ് ; പ്രവൃത്തി ഉദ്ഘാടനം നടത്തി
കോഴിക്കോട് മാറാട് നെറ്റ് മെന്‍ഡിങ് യാര്‍ഡ് പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു .തീരദേശ മേഖലയിലെ ജനങ്ങള്‍ക്കായി നിരവധി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് സാധിച്ചതായി മന്ത്രി പറഞ്ഞു.
പുനര്‍ഗേഹം, കടല്‍സുരക്ഷക്കായി ഇന്‍ഷുറന്‍സ്, സമ്പാദ്യ സമാശ്വാസ പദ്ധതി, ആഴക്കടല്‍ മത്സ്യബന്ധന സഹായം, സാന്ത്വന ചികിത്സാ പദ്ധതി, തീരദേശ റോഡുകളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ തീരദേശ സമൂഹത്തിനായി നടപ്പാക്കി വരുന്നുണ്ട്. നവകേരള സദസ്സിന്റെ ഭാഗമായി ബേപ്പൂര്‍ മണ്ഡലത്തില്‍ പ്രഖ്യാപിച്ച ഏഴ് കോടി രൂപ തീരദേശ മേഖലയിലെ വികസനത്തിനാണ്. ഫിഷ് ലാന്‍ഡിങ് സെന്റര്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിച്ചതായും മാറാട് മേഖലയിലെ 28 തീരദേശ റോഡുകളുടെ നവീകരണത്തിന് 13.65 കോടി അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷനായി. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ റീജ്യണല്‍ മാനേജര്‍ കെ ബി രമേശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ കൊല്ലരത്ത് സുരേഷന്‍, കെ രാജീവ്, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ബി കെ സുധീര്‍ കൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ വാടിയില്‍ നവാസ് സ്വാഗതവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ് നന്ദിയും പറഞ്ഞു.
ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ മാറാട് പ്രദേശത്ത് നെറ്റ് മെന്‍ഡിങ് യാര്‍ഡ് നിര്‍മിക്കുന്നതിനായി ഫിഷറീസ് വകുപ്പ് മുഖേന 1.46 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പ്രവൃത്തിയുടെ നിര്‍വഹണ ഏജന്‍സി. 352 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ വിശാലമായ വല നെയ്ത്ത് ഹാള്‍, ഓപണ്‍ ടെറസ് ഫലപ്രദമായി ഉപയോഗിക്കാന്‍ സൗകര്യമുള്ള സ്റ്റെയര്‍ റൂം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവയാണ് ഒരുക്കുന്നത്.










