പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.സാമൂഹിക പ്രതിബദ്ധതയോടെ ഇടപെടാന്‍ ഓരോരുത്തരും തയാറാകണമെന്ന് മന്ത്രി പറഞ്ഞു.
നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അനുഭാവപൂര്‍വം ജനങ്ങള്‍ ഇടപെടുമ്പോള്‍ പശ്ചാത്തല വികസനത്തില്‍ വലിയ മാറ്റം ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
അദിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറാന്‍ കേരളത്തിന് സാധിച്ചതില്‍ ഓരോരുത്തര്‍ക്കും അഭിമാനിക്കാം. സ്ത്രീ സുരക്ഷയുടെ ഭാഗമായി വീട്ടമ്മമാര്‍ക്ക് പെന്ഷന് അനുവദിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറി. ചെറിയ ആവശ്യങ്ങള്‍ക്ക് വീട്ടമ്മമാര്‍ ആരുടെ മുന്നിലും കൈനീട്ടേണ്ട അവസ്ഥ ഇല്ലാതാക്കാനാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
55 ലക്ഷം രൂപ നാഷണല്‍ ഹെല്‍ത്ത് മിഷനും 25 ലക്ഷം രൂപ ഗ്രാമപഞ്ചായത്തും ചെലവിട്ടാണ് പെരുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ പി ടി എ റഹീം എംഎല്‍എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വൈസ് പ്രസിഡന്റ് സി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്യാമള പറശ്ശേരി, കെ. അജിത, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ പ്രേമദാസന്, ദീപ കാമ്പുറത്ത്, എം എ പ്രതീഷ്, ഗ്രാമപഞ്ചായത്ത് അംഗം കെ കെ ഷമീര്‍, ഡിപിഎം ഡോ.സി കെ ഷാജി, മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യാ പത്മനാഭന് എന്നിവര്‍ സംസാരിച്ചു.










