വേങ്ങേരി മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

post

കോഴിക്കോട് വേങ്ങേരിയിലെ കായിക പ്രേമികളുടെയും നാട്ടുകാരുടെയും ചിരകാല  സ്വപ്നമായ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കളി മൈതാനങ്ങള്‍ കായിക പ്രതിഭകളെ സൃഷ്ടിക്കുക മാത്രമല്ലെന്നും പുതുതലമുറയെ ദിശാബോധമുള്ളവരാക്കി മാറ്റാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

തണ്ണീര്‍പന്തലില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷനായി. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എസ് എം തുഷാര, പി പി നിഖില്‍, ഒ സദാശിവന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി നിഖില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

 ഫുട്‌ബോള്‍ ഗ്രൗണ്ട്, വോളിബോള്‍ കോര്‍ട്ട്, ഓപണ്‍ സ്റ്റേജ്, നടപ്പാത തുടങ്ങിയ സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കുക. സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതമായി 75 ലക്ഷം രൂപയാണ് ഗ്രൗണ്ട് നിര്‍മാണത്തിന് അനുവദിച്ചത്. ഭൂമി ഏറ്റെടുക്കലിന് കോര്‍പ്പറേഷന്‍ 4,10,40,976 രൂപയും അനുവദിച്ചിരുന്നു.