വില്യാപ്പള്ളി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോഴിക്കോട് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ബോധി ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ കെട്ടിടോദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷനായി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള, വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, സ്ഥിരം സമിതി അധ്യക്ഷരായ കെ കെ സിമി, രജിത കൊളിയോട്ട്, കെ സുബിഷ, ബ്ലോക്ക് മെമ്പര്‍ ഒ എം ബാബു, പഞ്ചായത്ത് അംഗം എന്‍ ബി പ്രകാശന്‍ മാസ്റ്റര്‍, സെക്രട്ടറി കെ കെ ശ്രീലേഖ, അസി. സെക്രട്ടറി അനൂപന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജെന്നി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി പി സവിത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1998ല്‍ സ്ഥാപിതമായ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ആദ്യകാലത്ത് മേമുണ്ടയിലും തുടര്‍ന്ന് അരകുളങ്ങരയിലുമായിരുന്നു പ്രവര്‍ത്തിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 75 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.










