കട്ടിപ്പാറ നെഹ്‌റു മെമ്മോറിയൽ ലൈബ്രറിക്ക് പുതിയ കെട്ടിടം

post

കോഴിക്കോട് കട്ടിപ്പാറയുടെ മലയോര മണ്ണിൽ വായനാ–സാംസ്കാരിക പ്രവർത്തനത്തിൻ്റെ വിത്തുപാകിയ നെഹ്‌റു മെമ്മോറിയൽ ലൈബ്രറിക്ക് പുതിയ കെട്ടിടം ഒരുങ്ങി. അഞ്ച് പതിറ്റാണ്ടിന്റെ ചരിത്രമുള്ള ലൈബ്രറിക്ക് പുതിയ കെട്ടിടം ഒരുങ്ങിയത് കട്ടിപ്പാറയുടെ വായനാശീലത്തിനും സാമൂഹ്യജീവിതത്തിനും പുതിയ അധ്യായമാണ് തുറന്ന് നൽകുന്നത്. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് 2021-2025 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 48 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.

മൂന്നു നിലകളിലായി നിർമിച്ച മനോഹരമായ കെട്ടിടം ലൈബ്രറി കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് ഭൂമിയിലാണ് പണികഴിപ്പിച്ചിത്. വലിയ ഹാളും വായനാമുറികളും എല്ലാ നിലകളിലും ടോയ്ലറ്റുകളും ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. പഴയ കെട്ടിടം ജീർണാവസ്ഥയിലായതിനാൽ വായനാശീലത്തിനും അറിവിന്റെ വളർച്ചയ്ക്കും അനുയോജ്യമായ സൗകര്യങ്ങളോടെയുള്ള മാതൃകാ ലൈബ്രറി കെട്ടിടം നിർമ്മിക്കാനുള്ള ആവശ്യം ഏറെക്കാലമായി നിലനിന്നിരുന്നു. ആർക്കിടെക്ട് വിനോദ് സിറിയക്കാണ് കെട്ടിടം രൂപകല്പന ചെയ്തത്. 

ഏറ്റവും പ്രാധാന്യത്തോടെയാണ് ലൈബ്രറിക്ക് പുതിയ കെട്ടിടം ഒരുക്കുക എന്ന ദൗത്യം ഏറ്റെടുത്തതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട് പറഞ്ഞു. വലിയ തുക ഒരൊറ്റ വാർഷിക പദ്ധതിയിൽ ചെലവഴിക്കുന്നതിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ നാല് വാർഷിക പദ്ധതികളിലായാണ് നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 31 ന് ഉച്ചക്ക്‌ 2.30ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, ലൈബ്രറി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.