പ്രകാശപൂരിതമായി ബാലുശ്ശേരി; മിനിമാസ്റ്റ് ലൈറ്റുകൾ മിഴിതുറന്നു

post

കോഴിക്കോട് കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ ബാലുശ്ശേരി ഭാഗത്ത് 800 മീറ്റർ നീളത്തിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കെഎം സച്ചിൻ ദേവ് എംഎൽഎ നിർവഹിച്ചു. ചിറക്കൽകാവ് മുതൽ പോലീസ് സ്റ്റേഷൻ വരെ റോഡിലേക്കും നടപ്പാതയിലേക്കുമായി 84 മിനിമാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിച്ചത്. 

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 54 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. രാത്രികാലങ്ങളിൽ ബാലുശ്ശേരിയിൽ വെളിച്ചം ഇല്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എംഎൽഎയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചത്. ബാലുശ്ശേരി ടൗൺ സൗന്ദര്യവൽക്കരണം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി, ജില്ലാ പഞ്ചായത്ത് അംഗം പി പി പ്രേമ, ബ്ലോക്ക്പഞ്ചായത്ത് അംഗം ഡിബി സബിത,  ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.