ഒഴിച്ചുകൂടാനാവാത്ത അടിയന്തര യാത്രയ്ക്ക് മാത്രം അനുമതി- ജില്ലാ കലക്ടര്‍

post

കോഴിക്കോട്:  കോഴിക്കോട് ജില്ലയുള്‍പ്പടെയുള്ള നാല് ജില്ലകള്‍ ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ യാത്രകള്‍ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്നതിനും ജില്ലയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും വ്യക്തമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ യാത്രാനുമതി നല്‍കുകയുള്ളു.

1. പ്രസവ തിയതി അടുത്ത ഗര്‍ഭിണികള്‍. ഇവര്‍ താമസിക്കുന്ന പ്രദേശത്തെ രജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം, 2.മെഡിക്കല്‍ എമര്‍ജന്‍സി. അടിയന്തര വൈദ്യ സഹായത്തിനായി ജില്ലയിലേക്ക് വരുന്നവര്‍. ഇവര്‍ക്കും ചികിത്സ സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് രേഖകള്‍ എന്നിവ അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം 3. ഏറ്റവും അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് സത്യവാങ്മൂലം സമര്‍പ്പിക്കുകയും അതിര്‍ത്തിയിലെ പോലീസ് സ്‌ക്വാഡിനെ കാണിക്കുകയും വേണം.

യാത്രക്ക് ഉദ്ദേശിക്കുന്നവര്‍ യാത്ര തുടങ്ങുന്നതിന് മുന്‍പ് തന്നെ കോവിഡ് - 19 ജാഗ്രത എന്ന വെബ് പോര്‍ട്ടലില്‍ എമര്‍ജന്‍സി ട്രാവല്‍ ട്രാന്‍സ്പോര്‍ട്ട് പാസുകള്‍ എടുത്തിരിക്കണം. യാത്രക്കു മുന്‍പായി പാസിന് അപേക്ഷിക്കുമ്പോള്‍ അവര്‍ താമസിക്കുന്ന സംസ്ഥാനത്തിലെ ജില്ലയില്‍ നിന്ന് ട്രാവല്‍ പാസുകള്‍ വാങ്ങണം. അത് സഹിതം അവര്‍ എത്തിച്ചേരേണ്ട ജില്ലയിലെ കലക്ടര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അടിയന്തര സാഹചര്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അപേക്ഷ അംഗീകരിക്കുകയും അപേക്ഷകന് എസ്.എം.സ് ആയി ലഭിക്കുന്ന ലിങ്കിലൂടെ പാസ് ലഭിക്കുകയും ചെയ്യും. ഇങ്ങനെ അപേക്ഷിച്ച് അനുമതി ലഭിച്ച ശേഷമേ യാത്ര ആരംഭിക്കാവൂ. പാസില്ലാതെ യാത്ര ചെയ്യുന്നവരെ ജില്ലാ അതിര്‍ത്തികളില്‍ നിന്നും നേരിട്ട് കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി 28 ദിവസത്തെ കോറന്റൈനിലാക്കും. ഇവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.