വികസനനേട്ടങ്ങളുമായി കുണ്ടറ വികസന സദസ്

വികസന പ്രവര്‍ത്തനങ്ങളുടെ നേട്ടങ്ങള്‍ അവതരിപ്പിച്ച കൊല്ലം കുണ്ടറ വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന് ഉദ്ഘാടനം ചെയ്തു. പവിത്രം കണ്വെന്ഷന് സെന്ററില്‍ നടന്ന സദസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ് അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി ശിവപ്രസാദ് വികസനരേഖ അവതരിപ്പിച്ചു. സെക്രട്ടറി പി. ടൈറ്റസ് വികസന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിര്‍മിച്ചു. കുടിവെള്ള വിതരണം ഊര്‍ജിതമാക്കാന്‍ കൂടുതല്‍ വിതരണ ടാങ്കുകള്‍ നിര്‍മിക്കും. ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് പഞ്ചായത്തില്‍ സ്ഥാപിക്കും. വിഴിഞ്ഞം വ്യാവസായിക ഇടനാഴിയുടെ ഭാഗമായി കുണ്ടറയില്‍ ലോജിസ്റ്റിക് സംരംഭങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. പഞ്ചായത്തിന് പുതിയ കെട്ടിടവും കോണ്‍ഫറന്‍സ് ഹാളും ഒരുക്കും. കുണ്ടറ താലൂക്കാശുപത്രില്‍ സൗജന്യ ഡയാലിസിസ് സംവിധാനം ഒരുക്കി. പാലിയേറ്റീവ് കെയര്‍ ഓപ്പറേഷന് തിയേറ്ററുകള്‍ സ്ഥാപിക്കും.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ പ്രതിഭകളെ ആദരിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര് ഓമനക്കുട്ടന്‍പിള്ള, സ്ഥിരംസമിതി അധ്യക്ഷരായ വി. വിനോദ്, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.