മുട്ടം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

post

ഇടുക്കി മുട്ടം ഗ്രാമപഞ്ചായത്തിലെ വികസന സദസ് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ദേവസ്യ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിജോയ് ജോണ്‍  അധ്യക്ഷത വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വിഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു.

യോഗത്തില്‍ മുട്ടം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 5 വര്‍ഷം നടത്തിയ വികസന നേട്ടങ്ങളെക്കുറിച്ച് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുടാതെ കഴിഞ്ഞ 5 വര്‍ഷത്തില്‍  മുട്ടം ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന നേട്ടങ്ങളെക്കുറിച്ച്  റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത്  സെക്രട്ടറി ആന്റണി ജോണ്‍ ജോസഫ് അവതരിപ്പിച്ചു.

മുട്ടം ഗ്രാമ പഞ്ചായത്ത് സമഗ്ര മാറ്റത്തിലൂടെ മുന്നേറുകയാണ്.പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വികസനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മാലിന്യമുക്ത സമീപനത്തിലൂടെ സേവന പശ്ചാത്തല മേഖലകളുടെ സമഗ്ര വികസനം ഉറപ്പുവരുത്തിയാണ് ഭരണ സമിതി മുന്നേറുന്നത്.


ഗ്രാമ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം 125 ഭവനങ്ങള്‍ പൂര്‍ത്തികരിച്ചു. 120 വീടുകള്‍ അറ്റകുറ്റപണി നടത്തി വാസയോഗ്യമാക്കി. 68 പേര്‍ക്ക് ടോയ്‌ലെറ്റ് നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കി.മുട്ടത്തെ ടൂറിസം സാധ്യതകളെ മുന്‍നിര്‍ത്തി മലങ്കര ടൂറിസം പദ്ധതിക്ക് വേണ്ടി എവിഐപി, ഡിടിപിസി എന്നിവയുമായി സഹകരിച്ചും ഗ്രാമീണ ടൂറിസം പദ്ധതിയില്‍ പച്ചിലാംകുന്ന് വാച്ച് ടവര്‍ നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തി.

ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ടവീട് ഒറ്റവീടാക്കല്‍ പദ്ധതി നടപ്പിലാക്കി.വിഷരഹിത മത്സ്യ വിപണനത്തിനായി ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ മുട്ടം ബസ് സ്റ്റാന്റില്‍  ഫിഷ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് മത്സ്യതൊഴിലാളികള്‍ക്ക്  വള്ളവും വലയും ലഭ്യമാക്കി.

മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിന് ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപ കണ്ടെത്തി. പട്ടികജാതി വിഭാഗക്കാര്‍ക്ക് 60 രൂപയുടെ സമഗ്ര വികസന പദ്ധതി നടപ്പിലാക്കി.കാര്‍ഷിക മേഖലയുടെ പുരോഗതിയ്ക്കായി എം.പി ഫണ്ട് ഉപയോഗിച്ച് കാര്‍ഷിക വിപണന കേന്ദ്രം നിര്‍മ്മിച്ചു. കര്‍ഷകര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും ഇന്‍സെന്റീവും ബോണസും നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശിലനത്തിനുളള പദ്ധതി ഏറ്റെടുത്തു.വാര്‍ഡുകളിലും സൌരോര്‍ജ്ജ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.

പൊതുജനങ്ങള്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്  സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു.

യോഗത്തില്‍ പഞ്ചായത്ത അംഗങ്ങളായ  കുട്ടിയമ്മ മൈക്കില്‍ , റെജി ഗോപി, അസിസ്റ്റന്റ് സെക്രട്ടറി റ്റി.എസ്  രാധാകൃഷ്ണന്‍,രാഷ്ട്രീയ കക്ഷി നേതാക്കള്‍,ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.