കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി ഇടുക്കി കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാംകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു.
യോഗത്തില്‍ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 9 വര്‍ഷം നടത്തിയ വികസന നേട്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വിഡിയോയും സദസില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ 9 വര്‍ഷത്തില്‍ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന നേട്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എ അഗസ്റ്റിന്‍ അവതരിപ്പിച്ചു.
ഉത്പാദനരംഗത്തും സേവനരംഗത്തും പശ്ചാത്തലരംഗത്തും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഈ ഭരണസമിതി നടപ്പിലാക്കി. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ 64 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ഉപജീവന പദ്ധതികള്‍ നടപ്പിലാക്കി. ലൈഫ് പാര്‍പ്പിട പദ്ധതിയിലൂടെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രത്യേക പ്രാധാന്യമാണ് ഭരണസമിതി നല്‍കിയത്. വേനപ്പാറയില്‍ 42 കുടുംബങ്ങള്‍ക്ക് താമസിക്കുവാനുള്ള ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പണി പൂര്‍ത്തീകരിച്ചു.
മാലിന്യമുക്ത നവകേരളം എന്ന ക്യാമ്പയിന്റെ ഭാഗമായി എന്റെ ഗ്രാമം സുന്ദര ഗ്രാമം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുവാനുള്ള വിവിധ പ്രോജക്ടുകള്‍ നടപ്പിലാക്കി. ഓരോ വാര്‍ഡിലും 29 മിനി എംസിഎഫുകള്‍ 14 ബോട്ടില്‍ ബൂത്തുകള്‍, നെല്ലിമലയില്‍ പഴയ എംസിഎഫിന് പകരം നവീകരിച്ച എംസിഎഫ് വേനപ്പാറയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കി.
ജല്‍ജീവന്‍ മിഷനുമായി സഹകരിച്ച് എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലേക്ക് എത്തുകയാണ്. ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ പഞ്ചായത്തിലെ പ്രസിഡന്റുമാര്‍ക്കായി ഹൈദരാബാദില്‍ നടന്ന നാഷണല്‍ വര്‍ക്ക് ഷോപ്പിലേക്ക് സംസ്ഥാനത്തുനിന്നും തെരഞ്ഞെടുത്ത 6 പഞ്ചായത്തുകളില്‍ ഒന്ന് കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തായിരുന്നു.
ആരോഗ്യരംഗത്ത് പഞ്ചായത്തിന്റെ കുടുംബ ആരോഗ്യ കേന്ദ്രം, ആയുര്‍വേദ ഡിസ്‌പെന്‍സറി,ഹോമിയോ ഡിസ്‌പെന്‍സറി എന്നിവയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. പാലിയേറ്റീവ് കെയര്‍ രംഗത്ത് 300 ഓളം കിടപ്പുരോഗികളെ പരിചരിച്ചു വരുന്നു. പ്രകാശപൂരിത ഗ്രാമം എന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ പല പ്രദേശങ്ങളില്‍ തെരുവിളക്കുകള്‍ സ്ഥാപിച്ചു.
പശ്ചാത്തല വികസനത്തിന് ഭാഗമായി ഗ്രാമീണ റോഡുകള്‍ സഞ്ചാരയോഗ്യമാക്കി,കാര്‍ഷിക ഉത്പാദന മേഖല ലക്ഷ്യമിട്ട് നിരവധി പ്രവര്‍ത്തികള്‍ നടപ്പിലാക്കി,ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഇന്‍സെന്റീവ് പദ്ധതികള്‍ നടപ്പിലാക്കി.സ്ത്രീശക്തികരണത്തിനായി നിരവധി വികസന പദ്ധതികളാണ് നടപ്പിലാക്കി.വിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണ പരിപാടി ,സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്ക് ഭക്ഷണം, ഓട്ടിസം സെന്ററില്‍ ഉപകരണങ്ങള്‍ നല്‍കല്‍ തുടങ്ങിയവ പദ്ധതികള്‍ നടപ്പാലാക്കി.
കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കവയിത്രി ഇന്ദുലേഖ വാസുകി ഷാജി, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയന്‍, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് സജി തോമസ് എന്നിവരെ ആദരിച്ചു. പൊതുജനങ്ങള്‍ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു.
പൊതുകളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുക, യുവജനങ്ങളെയും കുട്ടികളെയും കായികക്ഷമതയുള്ളവരാക്കി മാറ്റുക, ഓപ്പണ്‍ ജിം സ്ഥാപിക്കുക, കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികള്‍, കാര്‍ഷിക മാര്‍ക്കറ്റ് വിപുലമായി നടത്തുക, വായനശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, വയോജന പരിപാലന പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
കെ-സ്മാര്‍ട്ടിന്റെ ഹെല്‍പ്പ് ഡെസ്‌ക്, വിജ്ഞാനകേരളം ജോബ് ഫെയര്‍ സെന്ററും സജ്ജമാക്കിയിരുന്നു.
യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ സോണിയ ജോബിന്‍,ലിയോ കുന്നപ്പിള്ളില്‍,റെജി ജോണ്‍സണ്‍,ബിജി ജോമോന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍.സദാനന്ദന്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍,കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍ ,ആശാ വര്‍ക്കര്‍മാര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.