നരമ്പില്‍ ഗവ. എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം; നിര്‍മാണ പ്രവൃത്തി ആരംഭിച്ചു

കണ്ണൂർ നരമ്പില്‍ ഗവ. എല്‍.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി ടി.ഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങള്‍ മനസ്സിലാക്കിയുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും എം എല്‍ എ ഫണ്ട് ഉപയോഗിച്ച് 10 ലാപ്ടോപ്പുകള്‍ സ്‌കൂളിന് അനുവദിച്ചിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു. പെരിങ്ങോം - വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.3 കോടി രൂപ വകയിരുത്തി നിര്‍മിക്കുന്ന ഇരുനില കെട്ടിടത്തില്‍ ആറ് ക്ലാസ്സ് മുറികളും നാല് ശുചിമുറികളടങ്ങിയ ബ്ലോക്കും ഉണ്ടാകും. 'കില'യ്ക്കാണ് നിര്‍മാണച്ചുമതല.
നരമ്പില്‍ ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പയ്യന്നൂര്‍ ഉപജില്ലാ കായികമേള എല്‍.പി മിനി വിഭാഗത്തില്‍ 100, 50 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ ജാസിര്‍ ജമാലിനെ ആദരിച്ചു. ജില്ലാപഞ്ചായത്ത് അംഗം എം രാഘവന്‍, വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ എ.സി സന്തോഷ്, കെ.പി അഭിഷേക്, പയ്യന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.വി സുചിത്ര, വികസന സമിതി ചെയര്‍മാന്‍ ടി.പി ചന്ദ്രന്‍, കണ്‍വീനര്‍ വി കണ്ണന്‍, വൈസ് ചെയര്‍മാന്‍ അഹമ്മദ് പോത്താംകണ്ടം, ജോയിന്റ് കണ്‍വീനര്‍ പി.വി ചന്ദ്രന്‍, പ്രധാനാധ്യാപകന്‍ സി.വി ബാബു, എസ് എം സി ചെയര്‍മാന്‍ സി മന്‍സൂര്‍, മദര്‍ പി ടി എ പ്രസിഡന്റ് പി.വി സുരമ്യ, സ്റ്റാഫ് സെക്രട്ടറി എം ടി പി ബഷീര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.