കണ്ണൂര്‍ പെക്സ് 2025; ജില്ലാതല ഫിലാറ്റെലിക് എക്സിബിഷന്‍ സംഘടിപ്പിച്ചു

post

കത്തെഴുത്ത്, ക്വിസ് മത്സരം വ്യാഴാഴ്ച

പോസ്റ്റല്‍ ഡിവിഷന്‍ സംഘടിപ്പിച്ച കണ്ണൂര്‍ പെക്സ് 2025 സ്റ്റാമ്പ് എക്സിബിഷന്‍ ജില്ലാ കുടുംബ കോടതി ജഡ്ജി ആര്‍.എല്‍.ബൈജു ഉദ്ഘാടനം ചെയ്തു. നോർത്തേൺ റീജിയന്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സയീദ് റഷീദ് അധ്യക്ഷനായി. കണ്ടല്‍ക്കാടിനെ ആസ്പദമാക്കി തയ്യാറാക്കിയ സ്പെഷ്യല്‍ കവര്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സയീദ് റഷീദ് ജഡ്ജ് ആര്‍.എല്‍.ബൈജുവിന് നല്‍കി പ്രകാശനം ചെയ്തു.

100 ഫ്രെയിമുകളിലായി 1600 ലധികം സ്റ്റാമ്പുകള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ പ്രദര്‍ശന നഗരിയിലെത്തി. ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് ആറാം ക്ലാസ്സ് മുതല്‍ ഒമ്പതാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കുള്ള കത്തെഴുത്ത് മത്സരവും ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്വിസ് മത്സരവും നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം ഉത്തര മേഖല പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സയീദ് റഷീദ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.

ഉത്തര മേഖല പോസ്റ്റല്‍ ഡയറക്ടര്‍ വി.ബി ഗണേഷ് കുമാര്‍, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ വിഷ്ണു അംബരീഷ്, കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഷൈനി, പോസ്റ്റല്‍ സൂപ്രണ്ട് സി.കെ മോഹനന്‍, തലശ്ശേരി ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് പി.സി എന്നിവര്‍ സംസാരിച്ചു.