ചെണ്ടയാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അത്യാധുനിക ബയോകെമിസ്റ്ററി ലാബ്

ചെണ്ടയാട് നിള്ളങ്ങലിലെ കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓട്ടോമാറ്റിക്ക് ബയോകെമിസ്റ്ററി ലാബ് കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള കളിസ്ഥലം, ഐസിടിസി ജ്യോതിസ് കേന്ദ്രം, ഇ- ഹെൽത്ത് യുഎച്ച്ഐഡി കാർഡ് വിതരണം എന്നിവയുടെയും ഉദ്ഘാടനവും എംഎൽഎ നിർവ്വഹിച്ചു.
ഹെൽത്ത് ഗ്രാൻഡിന്റെ ഭാഗമായി 12 ലക്ഷം രൂപ ചിലവഴിച്ചാണ് ലാബ് നിർമ്മിച്ചത്. എച്ച് എം സിയുടെ നേതൃത്വത്തിൽ അമ്പതിനായിരം രൂപ ചെലവഴിച്ചാണ് ഇമ്മ്യൂണൈസേഷൻ കുത്തിവെപ്പിനായി കുടുംബാരോഗ്യത്തിൽ എത്തിച്ചേരുന്ന കുട്ടികൾക്കായി കളിസ്ഥലം നിർമ്മിച്ചത്. സൗജന്യമായി എച്ച്ഐവി പരിശോധന നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഐസിടിസി ജ്യോതിസ് കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലത അധ്യക്ഷത വഹിച്ചു. മികച്ച സേവനത്തിന് ശേഷം സ്ഥലം മാറിപോകുന്ന ജീവനക്കാർക്കുള്ള ഉപഹാരവും എംഎൽഎ നൽകി. ജില്ലാ പഞ്ചായത്ത് അംഗം ഉഷ രയരോത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. മഹിജ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.പി. അനിത, വാർഡ് അംഗങ്ങളായ ജിഷ, ജനകരാജ്, എച്ച്എംസി മെമ്പർമാരായ കരുവാങ്കണ്ടി ബാലൻ, പ്രജീഷ് പൊന്നത്ത്, പി.വി. ജയാനന്ദൻ, കെ.മുകുന്ദൻ മാസ്റ്റർ, മൊയ്തു പത്തായത്തിൽ, ഡോ: രശ്മി മാത്യു, ഡോ:വി.പി. ഷൈന, മെഡിക്കൽ ഓഫീസർ ദീക്ഷിത് ശശിധരൻ, ഡോ ബീന എന്നിവർ സംസാരിച്ചു.