ജില്ലയിലെ ആദ്യ ഡബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കാനൊരുങ്ങി ഇരിക്കൂര്‍

post

ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് കണ്ണൂർ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിലെ ആദ്യ ഡബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. ഒന്നര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. മൂന്ന് മാസത്തിനകം പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും.

ഇരിക്കൂര്‍ ബ്ലോക്ക് പരിധി, സമീപ പഞ്ചായത്തുകള്‍, നഗരസഭകളില്‍ എന്നിവിടങ്ങളില്‍നിന്നും ഡയപ്പര്‍ പോലുള്ള മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള വിപുലമായ ശേഖരണ ശൃംഖല സ്ഥാപിച്ചാണ് പ്ലാന്‍് പ്രവര്‍ത്തിക്കുക. പ്രതിവര്‍ഷം ടണ്‍ ബയോ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ടാവും.

ബ്ലോക്ക് പഞ്ചായത്തിന് പുറമേ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകള്‍, ശുചിത്വ മിഷന്‍ എന്നിവയുടെ സാമ്പത്തിക പിന്തുണയോടെയാണ് പ്ലാന്റ് സ്ഥാപിക്കുക. ഇരിക്കൂര്‍  ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപയും പടിയൂര്‍, പയ്യാവൂര്‍ പഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതവുംമയ്യില്‍, കുറ്റിയാട്ടൂര്‍, ഇരിക്കൂര്‍, എരുവേശ്ശി ഗ്രാമപഞ്ചായത്തുകള്‍ അഞ്ച്  ലക്ഷം രൂപ വീതവും ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപയും ആദ്യ ഘട്ടത്തില്‍ പ്ലാന്റിനായ് നീക്കിവെച്ചിട്ടുണ്ട്.

പ്ലാന്റിന്റെ ശേഖരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ അധ്യക്ഷനായി. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പി രേഷ്മ, എരുവേശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തോട്ടിയില്‍, പയ്യാവൂര്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മോഹനന്‍ മാസ്റ്റര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഇരിക്കൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.വി സത്യനാഥന്‍, ശുചിത്വ മിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് അര്‍ജുന്‍, ബ്ലോക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍ മനോജ് കുമാര്‍, ബ്ലോക്ക് ശുചിത്വ ഓഫീസര്‍ ഇന്‍ ചാര്‍ജ് സല്‍മ എന്നിവര്‍ സംസാരിച്ചു.