വികസന നേട്ടങ്ങള്‍ പങ്കുവെച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

post

സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് കോഴിക്കോട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. മേപ്പയ്യൂര്‍ ടി കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടിണിയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

വികസന നേട്ടങ്ങളുടെ വീഡിയോ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം എന്നിവ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. മേപ്പയ്യൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ പഞ്ചായത്തിന്റെ നേട്ടങ്ങളുടെ ചിത്രപ്രദര്‍ശനം, തൊഴില്‍മേള, സ്മാര്‍ട്ട് ക്ലിനിക്ക്, ഹരിത കര്‍മസേന വളന്റിയര്‍മാര്‍ക്കുള്ള ആദരം, കേരളോത്സവം വിജയികള്‍ക്കുള്ള ട്രോഫി വിതരണം എന്നിവയും വികസന സദസ്സിന്റെ ഭാഗമായി നടന്നു.

വയോജന പാര്‍ക്ക്, ചെസ് അക്കാദമി, ഫിറ്റ്‌നസ് പാര്‍ക്ക്, ഹാപ്പിനസ് പാര്‍ക്ക്, മൃഗാശുപത്രി നവീകരണം, വാര്‍ഡുകള്‍ തോറും കളിക്കളം, തിയേറ്റര്‍, ബസ്‌സ്റ്റാന്‍ഡ് കോംപ്ലക്‌സ്, കനാല്‍ പുറമ്പോക്ക് ഉപയോഗപ്പെടുത്തല്‍, കണ്ണച്ചിറ തോട് നവീകരണം, റീഡിങ് കോര്‍ണര്‍, ഓപണ്‍ സ്റ്റേജ് തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. 

 കേരളത്തിലെ ആദ്യ സമ്പൂര്‍ണ വൈഫൈ ഗ്രാമപഞ്ചായത്ത്, മികച്ച കുടുംബാരോഗ്യ കേന്ദ്രം, സിന്തറ്റിക് ട്രാക്കുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടപ്പാക്കിയത്. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന 300 വീടുകളില്‍ 127 എണ്ണം പൂര്‍ത്തീകരിച്ചു. 61 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ അധ്യക്ഷനായി. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പ്രസന്ന വികസന രേഖ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ, സ്ഥിരം സമിതി അധ്യക്ഷരായ വി പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, എന്‍ കെ സത്യന്‍, വി സുനില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജയ, പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍, റിസോഴ്‌സ് പേഴ്‌സണ്‍ വി വി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.