പ്രവാസിസംരംഭകര്‍ക്കായി ‘നോര്‍ക്ക റൂട്ട്സ് -ബിസിനസ് കണക്ട്' സംഘടിപ്പിച്ചു

post

കോഴിക്കോട് ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  പ്രവാസി ബിസിനസ് കണക്ടില്‍ 42 പേര്‍ പങ്കെടുത്തു. സംരംഭകർ  അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ജി.എസ്.ടി, വിവിധ ലൈസൻസുകൾ, സർക്കാർ പദ്ധതികൾ, വായ്പാ സൗകര്യങ്ങൾ, വിവിധ ആനുകൂല്യങ്ങള്‍ തുടങ്ങിയ  സെഷനുകള്‍ ഉൾപ്പെടുത്തിയുളളതായിരുന്നു  ‘പ്രവാസി ബിസിനസ് കണക്ട്'. വിജയിച്ച സംരംഭകരുടെ  അനുഭവങ്ങളും ബിസിനസ് കണക്റ്റില്‍ പങ്കുവച്ചു. എന്‍.ബി.എഫ്.സി പ്രോജക്ട്‌സ് മാനേജര്‍ സുരേഷ് കെ.വി,  സീനിയർ പ്രോഗ്രാം കോർഡിനേറ്റർ ഷറഫുദ്ദീന്‍. ബി സെഷനു എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. നോര്‍ക്ക പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ്  കോഴിക്കോട് സെന്റര്‍ മാനേജര്‍ സി.  രവീന്ദ്രന്‍ വിശദീകരിച്ചു. 

സംസ്ഥാനത്തെ പ്രവാസി നിക്ഷേപങ്ങളും, പ്രവാസി സംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  പ്രവാസികള്‍ക്കായി എല്ലാ മാസവും ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലനവും (റെസിഡൻഷ്യൽ), എല്ലാ പ്രവൃത്തി ദിനങ്ങളിലും നോര്‍ക്ക ബിസിനസ്സ് ക്ലിനിക്ക് എന്നീ സേവനങ്ങളും പ്രവാസികള്‍ക്ക് എന്‍.ബി.എഫ്.സി വഴി ലഭ്യമാണ്.  എറണാകുളം കളമശ്ശേരിയിൽ  പ്രവര്‍ത്തിക്കുന്ന കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസില്‍ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ  സംരംഭകത്വ പരിശീലന പരിപാടിയുടെ (റെസിഡൻഷ്യൽ) 2026 മാര്‍ച്ച് വരെയുളള ബാച്ചുകളിലേയ്ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.