വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വികസന സദസ്

സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ഇടുക്കി വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം രാജീവ് ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുരേന്ദ്രന്‍ പി.ജി അധ്യക്ഷത വഹിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനത്തോടെയാണ് സദസ് ആരംഭിച്ചത്. വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ നടത്തിയ വികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.കെ അജി അവതരിപ്പിച്ചു. സര്‍വോന്മുഖമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പദ്ധതിയിലൂടെ 134 കുടുംബങ്ങളെ കണ്ടെത്തുകയും ഓരോ കുടുംബങ്ങള്‍ക്കും പ്രത്യേകമായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി 100 ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ സേവനം, 21 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ്, ലൈഫ് ഭവന പദ്ധതി വഴി ഭവനരഹിതരായ 191 ആളുകള്‍ക്ക് വീട്, ഭൂരഹിതരായ 27 കുടുബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കി അവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍, തുടങ്ങിയവ പൂര്‍ത്തിയാക്കി. കാര്‍ഷിക മേഖലയുടെ ഉയര്‍ച്ചക്കും കര്‍ഷകരുടെ വ്യക്തിവരുമാനം വര്‍ധിപ്പിക്കുന്നതിന് ഉതകുന്നതുമായ പദ്ധതികള്‍ , കുടിവെള്ളക്ഷാമം രൂക്ഷമായ വാര്‍ഡുകളില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍, മികച്ച രീതിയില്‍ മാലിന്യസംസ്‌കരണം, വാര്‍ഡുകളില്‍ മിനി എം.സി.എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍, ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നിര്‍മാണം പുരോഗമിക്കുന്ന എം.സി.എഫ്. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം തുടങ്ങി വികസനത്തിനും ഇതര കാര്യങ്ങള്‍ക്കും പഞ്ചായത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുകയും അതിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിലും പഞ്ചായത്ത് പ്രാധാന്യം നല്കിവരുന്നതായും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.
പൊതുജനങ്ങള്‍ക്ക് പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു. കെ-സ്മാര്‍ട്ടിന്റെ ഹെല്‍പ്പ് ഡെസ്‌ക് സൗകര്യവും സജ്ജമാക്കിയിരുന്നു.
യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജഗദമ്മ വിജയന്‍,പഞ്ചായത്ത് അംഗങ്ങളായ അബ്ദുള്‍ ഖാദര്‍, സന്ധ്യ റോബിന്‍, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് വി.ആര്‍ ദീലിപ്, ഹരിത കര്‍മ്മസേന അംഗങ്ങള്‍,കുടുംബശ്രീ അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.