വണ്ണപ്പുറം സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി വണ്ണപ്പുറം സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെയുളള ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇന്നത്തെ കാലത്ത് ലഭ്യമായ സാങ്കേതിക വിദ്യകള്‍ കൃഷിയിലും ഉള്‍പ്പെടുത്തണം. ഇതിനായി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ വഴി വന്യമൃഗ ശല്യം തടയാന്‍ സാധിക്കും. ഇത്തരം ഉപകരണങ്ങള്‍ കൃഷിക്കാര്‍ക്ക് ലഭ്യമാക്കും. വന്യജീവി സംഘര്‍ഷം നേരിടുന്ന തൊടുപുഴ നിയോജകമണ്ഡലത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൃഷിയുടെ ആസൂത്രണം നടക്കേണ്ടത് കൃഷിയിടങ്ങള്‍ കേന്ദ്രീകരിച്ചാണ്. തങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം. ഇവ ഒരു ബ്രാന്‍ഡായി വികസിപ്പിച്ച് വില്‍ക്കുന്നതിനുള്ള വിപണി കണ്ടെത്തണം. എന്നാല്‍ മാത്രമേ കൂടുതല്‍ വരുമാനം ലഭിക്കുകയുളളൂ. ഈ സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ കര്‍ഷകര്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേന്‍മയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം കേരളാഗ്രോ എന്ന ബ്രാന്‍ഡ് വികസിപ്പിച്ചത്. മികച്ച പായ്ക്കിംഗിന് മുംബയ് ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്് പാക്കേജിംഗുമായാണ് ധാരണാപത്രം ഒപ്പിട്ടത്. 15 കേരളാഗ്രോ ഷോപ്പുകള്‍ സംസ്ഥാനത്ത് തുറന്നു കഴിഞ്ഞു. സഹകരണ സംഘങ്ങള്‍ക്കും കൃഷിക്കൂട്ടങ്ങള്‍ക്കും ഒക്കെ ഷോപ്പ് നടത്താം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുകയും അതു വഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
വന്യമൃഗ ശല്യം ചെറുക്കുന്നതിന് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബഡ്ജറ്റില്‍ സ്വന്തം ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ മാറ്റി വച്ചത് കൃഷി വകുപ്പാണ്. തുക ചെറുതായിരുന്നെങ്കിലും വന്യജീവി സംഘര്‍ഷം നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരാനായിരുന്നു ഇത്. 36 കോടി രൂപ ഇതിനകം ഈ മേഖലയില്‍ ചെലവഴിച്ച് കഴിഞ്ഞു. വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനു സാധ്യമായ ഇടപെടല്‍ ഇനിയും നടത്തുമെന്നും മന്ത്രി പറഞ്ഞു. വണ്ണപ്പുറം സ്മാര്‍ട്ട് കൃഷിഭവന്‍ വഴി വിവിധ പ്രദേശങ്ങളിലെ കര്‍ഷകരുമായി ആശയവിനിമയം നടത്തുന്നതിനും കൂടാതെ കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഇക്കോ ഷോപ്പിന്റെയും സേവനം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങ് വില നിശ്ചയിക്കണമെന്നും വന്യജീവി ശല്യം നേരിടുന്ന പ്രദേശത്തെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എബ്രഹാം സെബാസ്റ്റ്യന്‍ സ്മാര്‍ട്ട് കൃഷിഭവന്‍ പദ്ധതി വിശദീകരിച്ചു. ആത്മ ഇടുക്കി പ്രോജക്ട് ഡയറക്ടര്‍ ഡീന എബ്രഹാം ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക് ആന്റ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് അവതരണം നടത്തി. മുതിര്‍ന്ന കര്‍ഷകന്‍ സേവ്യര്‍ ഔസേപ്പ് കുന്നപ്പള്ളില്‍ മുള്ളരിങ്ങാടിനെ ചടങ്ങില്‍ ആദരിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് കാര്‍ഷിക സെമിനാറുകള്‍, അഗ്രോ ക്ലിനിക്ക്, കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞരുടെ ക്ലാസ്, പൊതുയോഗം തുടങ്ങിയ വിവിധ പരിപാടികളും നടന്നു.
യോഗത്തില്‍ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം,വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ അനീഷ്,ജില്ലാ പഞ്ചായത്ത് അംഗം ഷൈനി റെജി,വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഹീമ പരീത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജഗദമ്മ വിജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ സുബൈര്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷൈനി സന്തോഷ് ,രവി കൊച്ചിടക്കുന്നേല്‍,വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിജോ ജോസഫ്, വിഷ്ണു കെ. ചന്ദ്രന്‍, സന്ധ്യ റോബിന്‍,മിനി രാജു കൊച്ചുപറമ്പില്‍, സുരേന്ദ്രന്‍ പി.ജി,സൗമ്യ ജോമോന്‍, ഇസബെല്ല ജോഷി,റഷീദ് തോട്ടുങ്കല്‍, രാജീവ് ഭാസ്‌ക്കരന്‍,അബ്ദുല്‍ ഖാദര്‍, മായ ശിവദാസ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി, സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.