ദുരന്ത നിവാരണ ഷെല്‍ട്ടർ ഉദ്ഘാടനം ചെയ്തു

post

കണ്ണൂർ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലടികോറയില്‍ നിര്‍മിച്ച ദുരന്ത നിവാരണ ഷെല്‍ട്ടറിന്റെ ഉദ്ഘാടനം പട്ടികജാതി - പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു.

നാടിന്റെ വികസനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും പഞ്ചായത്തുകള്‍ വഴിയാണ് ജനാധിപത്യം നാട്ടില്‍ പുലരുന്നതെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തുകളിലെ ഗ്രാമസഭകള്‍ പഴയതുപോലെ സജീവമാകണമെന്നും നാടിന്റെ പുരോഗതിയില്‍ ജനങ്ങള്‍ക്ക് നേരിട്ട് ഇടപെടാനുള്ള അവസരമാണ് ഗ്രാമസഭകളെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തിന് സൗജന്യമായി ലഭിച്ച 10 സെന്റ് സ്ഥലത്താണ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. ദുരന്തങ്ങളുണ്ടായാല്‍ ഷെല്‍ട്ടറായി ഉപയോഗിക്കുന്ന കെട്ടിടത്തില്‍ വയോജന വിശ്രമ കേന്ദ്രവും ലൈബ്രറിയും പ്രവര്‍ത്തിക്കും. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് 23 ലക്ഷം രൂപ  ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഷെല്‍ട്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് 365 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് റോഡും നിര്‍മിച്ചിട്ടുണ്ട്. 15 ലക്ഷം രൂപയാണ് റോഡിന്റെ നിര്‍മാണ ചെലവ്. വൈദ്യുതീകരണത്തിനും കുടിവെള്ള സൗകര്യമൊരുക്കുന്നതിനുമായി അഞ്ച് ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടിയും പൂര്‍ത്തിയായിട്ടുണ്ട്.

തൊണ്ടി - കോറയിലെ സുവര്‍ണ ഭൂമിയില്‍ നടന്ന പരിപാടിയില്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ അധ്യക്ഷനായി. ഷെല്‍ട്ടറിനായി സ്ഥലം വിട്ടുനല്‍കിയ മാണിക്കത്താഴെ ഈപ്പച്ചന്‍, റോഡിനായി സ്ഥലം സംഭാവന ചെയ്ത ബേബി താഴത്തുവീട്ടില്‍, ലിസമ്മ മഠത്തില്‍, 2025 ലെ മിസ് കേരള ഫാഷന്‍ വിജയി സുവര്‍ണ ബെന്നി, എം.സി കുട്ടിച്ചന്‍, കോണ്‍ട്രാക്ടര്‍ വി.ഡി മത്തായി എന്നിവരെ പരിപാടിയില്‍ ആദരിച്ചു.  പേരാവൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യാതിഥിയായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.വി ശരത്, റീന മനോഹരന്‍, എം ശൈലജ, പഞ്ചായത്ത് അംഗങ്ങളായ കെ.വി ബാബു, രാജു ജോസഫ്, റെജീന സിറാജ്, ബേബി സോജ, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.എ രജീഷ്, കെ അര്‍ഷാദ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി സാജു, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, സംഘാടകസമിതി കണ്‍വീനര്‍ ഹരിദാസന്‍ ചേരുംപുരം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.