പൾസ്‌ പോളിയോ: കണ്ണൂർ ജില്ലയിൽ  2087 ബൂത്തുകൾ വഴി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

post

സബ് നാഷണൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 2087 ബൂത്തുകളിലൂടെ തുള്ളിമരുന്ന് നൽകി. ജില്ലാതല ഉദ്ഘാടനം മുഴപ്പാല സ്വദേശിനി നിഖിഷയുടെ മകൻ രണ്ടുവയസുകാരൻ നിർവികിന്  പോളിയോ മരുന്ന് നൽകി കെ വി സുമേഷ് എം എൽ എ  നിർവഹിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട്  അധ്യക്ഷനായി.

ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എ പി ദിനേശ്, നാഷണൽ ഹെൽത്ത്‌ മിഷൻ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ,   ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ജി അശ്വിൻ, ഡെപ്യൂട്ടി ഡിഎം ഒ ഡോ. കെ സി സച്ചിൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ്  മെഡിക്കൽ ഓഫീസർ ഡോ. ടി കെ രമ്യ, സ്റ്റേറ്റ് മാസ്സ് മീഡിയ ട്രെയിനിങ് കോ ഓർഡിനേറ്റർ കെ എൻ അജയ്, ടെക്നിക്കൽ അസിസ്റ്റന്റ് കെ ജി ഗോപിനാഥൻ, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മാസ്സ് മീഡിയ ഓഫീസർ ടി സുധീഷ്, നഴ്സിംഗ് സൂപ്രണ്ട് ശാന്ത പൈ, സ്റ്റാഫ്‌ കൗൺസിൽ സെക്രട്ടറി പ്രമോദ്, എന്നിവർ  സംസാരിച്ചു.

കണ്ണൂർ ജില്ലയിലാകെ 2087  ബൂത്തുകൾ വഴിയാണ് തുള്ളിമരുന്ന്  നൽകിയത്. ആരോഗ്യ കേന്ദ്രങ്ങൾ , അങ്കണവാടികൾ സ്കൂളുകൾ,  ബസ്‌സ്റ്റാന്റുകൾ ,റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ആണ്  ബൂത്തുകൾ ക്രമീകരിച്ചിരുന്നത്.

പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ വളണ്ടിയർമാർ / ആരോഗ്യ പ്രവർത്തകർ  വീടുകളിൽ എത്തി പോളിയോ തുള്ളിമരുന്ന് നൽകും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ,റോട്ടറി ഇന്റർനാഷണൽ, സന്നദ്ധ സംഘടനകൾ എന്നിവരുടെ  സഹകരണത്തോടെയാണ് പൾസ് പോളിയോ  ഇമ്മ്യൂണൈസേഷൻ  പരിപാടി സംഘടിപ്പിക്കുന്നത്.