'കാഷ്യൂ കോണ്‍ക്ലേവ് 2025' സംഘടിപ്പിച്ചു

post

ലോകവിപണിയില്‍ കേരള കാഷ്യൂബ്രാന്‍ഡിങ് സാധ്യമാക്കണം: മന്ത്രി പി രാജീവ്

കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച കാഷ്യൂ കോണ്‍ക്ലേവ് വ്യവസായ, നിയമ, കശുവണ്ടി, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.ലോകവിപണിയില്‍ കേരള കാഷ്യൂബ്രാന്‍ഡിങ് സാധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര കമ്പോളങ്ങളില്‍ കേരളത്തിന്റെ ഉത്പ്പന്നങ്ങള്‍ക്കുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം.  പരമ്പരാഗത തൊഴില്‍മേഖലകളുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യവ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യംനല്‍കുന്നത്. കശുവണ്ടിമേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാമ്പത്തികസഹായം ഉള്‍പ്പടെ അനുവദിച്ചു. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍സാഹചര്യം ഒരുക്കുന്നതിന് അഞ്ച് കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഷെല്ലിങ് ആധുനികവത്കരണത്തിനും യന്ത്രവത്ക്കരണത്തിനും പ്രത്യേകം തുക വകയിരുത്തി. കശുവണ്ടി വ്യവസായമേഖലയിലെ പ്രശ്‌നങ്ങള്‍പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. തൊഴിലാളി-തൊഴില്‍ഉടമ ബന്ധം ഊഷ്മളമായി നിലനിര്‍ത്തണം. കാലാനുസൃതമാറ്റം പരമ്പരാഗത തൊഴില്‍ മേഖലയില്‍ അനിവാര്യമാണ്. തൊഴിലാളികളുടെ തൊഴില്‍ ലഭ്യത കുറയാതെയുള്ള ആധുനികവത്കരണം നടപ്പാക്കണം. തൊഴില്‍ അന്തരീക്ഷത്തിലും മാറ്റം ഉണ്ടാകണം. ഇതിനൊക്കെ നിര്‍ണായകമായ സംഭാവന നല്‍കാന്‍ കോണ്‍ക്ലേവിന് ആകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 കശുവണ്ടി വ്യവസായമേഖല നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കാര്യക്ഷമമായി നടത്തുകയാണ് അധ്യക്ഷനായ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷത്തില്‍ 257 കോടിയുടെ വായ്പാസഹായം നല്‍കി. 100 കോടി രൂപ കേരള ബാങ്കില്‍ നിന്നും പ്രത്യേക ഗ്യാരന്റിയും ഉറപ്പാക്കി. 50 കോടി രൂപയുടെ ഒറ്റത്തവണ വായ്പയ്ക്കും ഗ്യാരന്റി നല്‍കി. കാഷ്യൂ പുനരുജ്ജീവനപദ്ധതിഇനത്തില്‍ 30 കോടി രൂപ ബഡ്ജറ്റില്‍ അനുവദിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനസാധ്യത കശുവണ്ടിമേഖലയുടെ കയറ്റുമതി, ഇറക്കുമതി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു.

കെ-സ്റ്റോര്‍വഴി കശുവണ്ടിഉല്‍പ്പന്നങ്ങളുടെ വിതരണംസാധ്യമാക്കുന്നതിന് വ്യവസായം-പൊതുവിതരണ വകുപ്പുകളുമായുള്ള ധാരണപത്രംപ്രഖ്യാപനം മന്ത്രിമാര്‍ നിര്‍വഹിച്ചു.


എം മുകേഷ് എം.എല്‍.എ, വ്യവസായ-വാണിജ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ക്യാപ്ക്‌സ് ചെയര്‍മാന്‍ എം ശിവശങ്കരപ്പിള്ള, കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ സുഭഗന്‍, കേരള ക്യാഷു ബോര്‍ഡ് സി.എം.ഡി എ അലക്‌സാണ്ടര്‍, കശുമാവ് കൃഷിവികസന ഏജന്‍സി ചെയര്‍മാന്‍ സിരീഷ് കേശവന്‍, ഷോപ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എക്‌സാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാല്‍, വിവിധ ബോര്‍ഡുകളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടര്‍മാര്‍, അംഗങ്ങള്‍, കശുവണ്ടി വ്യവസായ പ്രതിനിധികള്‍, തൊഴിലുടമകള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കശുവണ്ടിമേഖല മാറ്റങ്ങള്‍ക്ക്‌വിധേയമാകണമെന്ന് - ‘പുതിയകാലം പുതിയസമീപനം' ചര്‍ച്ച

കശുവണ്ടിമേഖലയില്‍ കാലോചിതമായമാറ്റങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകണമെന്ന് വ്യക്തമാക്കി ‘പുതിയകാലം പുതിയസമീപനം' ചര്‍ച്ച കാഷ്യു കോണ്‍ക്ലേവില്‍. കശുവണ്ടി ഉത്പന്നങ്ങള്‍ നല്ലരീതിയില്‍ ബ്രാന്‍ഡിംഗ് ചെയ്താല്‍ ദേശീയ- അന്തര്‍ദേശീയ തലത്തില്‍ വിപണിലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്പാദനക്ഷമത വര്‍ധിപ്പിക്കല്‍, ഗുണനിലവാരമുള്ള കശുവണ്ടി ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ആധുനികസങ്കേതങ്ങളുടെ സാധ്യതകള്‍ പരിശോധിക്കണമെന്ന് ചര്‍ച്ചയില്‍ അധ്യക്ഷനായ വ്യവസായ-വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

തൊഴില്‍ദിനങ്ങള്‍ നഷ്ടമാകാതെ മേഖലസംരക്ഷിക്കപ്പെടണം. വ്യവസായസംബന്ധമായ കാഴ്ചപാടില്‍ മാറ്റംഉണ്ടാകണം. കശുമാവ്കൃഷി വിപുലീകരിക്കുന്നതിന് കര്‍ഷകര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കണം. മെക്കനൈസേഷന്‍ വേഗത്തില്‍ നടപ്പാക്കണം. തോട്ടണ്ടി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കേണ്ടതും ബാങ്കുകളുടെ സമീപനത്തില്‍ മാറ്റം ഉണ്ടാകേണ്ടതും പ്രധാനമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണമന്നും ചര്‍ച്ച വിലയിരുത്തി.

പാനല്‍ അംഗങ്ങളായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കാപെക്‌സ് ചെയര്‍മാന്‍ എം ശിവശങ്കരപ്പിള്ള, ഷോപ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എക്‌സാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാല്‍, കെ എസ് സി ഡി സി ഡയറക്ടര്‍ ജി ബാബു, കാപെക്‌സ് ഡയറക്ടര്‍ മുരളീധരന്‍, ഐ.ആര്‍.സി മെമ്പര്‍ ബി തുളസീധരക്കുറുപ്പ്, വ്യവസായ പ്രതിനിധി ഐ നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കശുവണ്ടി മേഖലയുടെ സമഗ്രവികസനത്തിന് ആക്ഷന്‍പ്ലാന്‍: മന്ത്രി പി രാജീവ്


കശുവണ്ടിമേഖലയുടെ സമഗ്രവികസനത്തിന് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു . കാഷ്യു കോണ്‍ക്ലേവില്‍ ‘കമ്പോള വെല്ലുവിളിയും ബദലുകളും' വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ക്ലേവിലെ  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് കശുവണ്ടിമേഖലയുടെ മികച്ചപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ തൊഴിലിടങ്ങള്‍ രൂപീകരിക്കാന്‍ പ്രോട്ടോകോള്‍ തയ്യാറാക്കും. കോമണ്‍ ഫെസിലിറ്റി സെന്റര്‍ ഒരുക്കും. മേഖലയെ ആധുനികവത്ക്കരിക്കുക, സാധ്യമായ രീതിയില്‍ ഉല്‍പാദന ചെലവ് കുറയ്ക്കുക, തൊഴിലാളികളുടെ വേതനം കൂട്ടുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്തത്.

കേരള കാഷ്യൂ ബോര്‍ഡ് സി.എം.ടി എ. അലക്‌സാണ്ടര്‍ അധ്യക്ഷനായി. കശുവണ്ടി വ്യവസായ വിദഗ്ധസമിതി അംഗം എസ്. വെങ്കിട്ടരാമന്‍,  പ്ലാനിങ് ബോര്‍ഡ് മുന്‍ ചീഫ് എന്‍.ആര്‍.ജോയ്, വെസ്‌റ്റേണ്‍ ഇന്ത്യ കാഷ്യൂ കമ്പനി പ്രതിനിധി ഹരികൃഷ്ണന്‍, വ്യവസായി ബാബു ഉമ്മന്‍, കെ.എസ്.സി.ഡി.സി ഡയറക്ടര്‍ ഡോ. ബി.എസ്. സുരന്‍, കാപെക്‌സ് ഡയറക്ടര്‍ സി. മുകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.