കാമ്പസ് സുരക്ഷയും ദുരന്ത പ്രതിരോധ മുൻകരുതലുകളും പദ്ധതി ഉദ്ഘാടനം ചെയ്തു

കേരളത്തിലെ യുവതലമുറ ലോകത്തിന് മാതൃക: മന്ത്രി സജി ചെറിയാൻ
ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ( ഡി ഡി എം എ) കാമ്പസ് സുരക്ഷയും ദുരന്ത പ്രതിരോധ മുൻകരുതലുകളും പദ്ധതി പുന്നപ്ര കാർമൽ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ യുവതലമുറ ലോകത്തിന് മാതൃകയാണെന്നും വിജ്ഞാന രംഗത്ത് ശക്തമായ സാന്നിധ്യമാണെന്നും മന്ത്രി പറഞ്ഞു.
കാലവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ സമയോചിതമായി ഇടപെടാനും നേതൃത്വം നൽകുവാനും വിദ്യാർഥികൾക്ക് സാധിക്കണം. അതിന് മികച്ച പരിശീലനം കുട്ടികൾക്ക് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസസ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും വിദ്യാർഥികൾക്ക് നീന്തലിലും അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും, സി പി ആർ, പ്രഥമ ശുശ്രൂഷ എന്നിവ നൽകുന്നതിലും പരിശീലനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കാമ്പസ് റാപിഡ് ആക്ഷൻ ടീമിന്റെ (ക്രാറ്റ്) ഔദ്യോഗിക പ്രഖ്യാപന ചടങ്ങും ഇവർക്കായി തയ്യാറാക്കിയ ദുരന്ത നിവാരണ കൈപ്പുസ്തക പ്രകാശനവും മന്ത്രി നിർവഹിച്ചു. സംസ്ഥാനത്ത് ആദ്യമായി കോളേജ് വിദ്യാർഥികളിൽ ദുരന്തനിവാരണ ബോധം വളർത്തുക, അടിയന്തരാവസ്ഥകളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ നേതൃത്വ ശേഷിയും ഉത്തരവാദിത്വബോധവും രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യവുമായി ഡി ഡി എം എ യുടെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി ഒരു കോളേജിൽ നിന്നും 100 വിദ്യാർഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകിവരുന്നു.
സംസ്ഥാന , ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ, അടിയന്തര സേവന വിഭാഗങ്ങൾ, ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13 ന് സംഘടിപ്പിച്ച ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് അധ്യക്ഷയായി.എ ഡി എം ആശാ സി എബ്രഹാം, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ ദുരന്ത നിവാരണം സി പ്രേംജി, കാർമൽ എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ റവ. ഫാ. ജസ്റ്റിൻ ആലുക്കൽ, ഹസാർഡ് അനലിസ്റ്റ് സി ചിന്തു, ഡി എം പ്ലാൻ കോ ഓർഡിനേറ്റർ എസ് രാഹുൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.