ബുധനൂര്‍ വികസന സദസ്സ്: വികസന,ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചത് 26.1 കോടി

post

ലൈഫ് ഭവന പദ്ധതി വഴി 139 പേർക്ക് വീട് നിര്‍മ്മിച്ചു നല്‍കി

ഭാവി വികസനം സംബന്ധിച്ച പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ ആലപ്പുഴ ബുധനൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു.

വികസന-ക്ഷേമ പ്രവർത്തനങ്ങള്‍ക്കായി 2020-25 കാലയളവിൽ 26.11 കോടി രൂപ ചെലവഴിച്ചു.ലൈഫ് ഭവന പദ്ധതി വഴി 139 പേർക്ക് വീട് പൂർത്തീകരിച്ചു നൽകിയതായും പിഎംഎവൈ വഴി 67 പേർക്ക് വീട് നൽകിയതായും സദസ്സില്‍ അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. സമസ്ത വിഭാഗങ്ങളെയും ചേർത്തു പിടിച്ചാണ് സർക്കാർ വികസന സദസ്സ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. സാധാരണക്കാരുടെ വിഷയങ്ങളിൽ കൃത്യമായി ഇടപെട്ടുകൊണ്ട് വലിയ വികസന പ്രവർത്തനങ്ങളാണ് ബുധനൂർ പഞ്ചായത്ത് കാഴ്ചവെച്ചത്. ജില്ലയിലെ ജനപ്രതിനിധികൾ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയതുകൊണ്ടാണ് സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ജില്ലയായി ആലപ്പുഴ മാറിയതെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. പ്രോഗ്രസ്സ് റിപ്പോർട്ട്‌ പ്രകാശനവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിച്ചു.

ടൂറിസത്തിന്റെ സാധ്യത മുന്നിൽ കണ്ട് പഞ്ചായത്ത്‌ പുഴയോരം ഹാപ്പിനെസ്സ് പാർക്ക് പദ്ധതി നടപ്പാക്കിയതായി പഞ്ചായത്ത് സെക്രട്ടറി റ്റി ജെ ജോൺസൻ അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ടില്‍ പറഞ്ഞു. കുട്ടമ്പേരൂർ ആറിന്റെ തീരത്തായി മനോഹരമായ പൂന്തോട്ടവും പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഓപ്പൺ സ്റ്റേജും ഇതിൽ ഉൾപ്പെടുന്നു. മാലിന്യ സംസ്ക്കരണത്തിന്റെ ഭാഗമായി ഹരിതമിഷൻ ആപ്ലിക്കേഷൻ വിന്യസിച്ചതോടെ മാലിന്യ സംസ്കരണം 100 ശതമാനം പൂർത്തിയായി. പാലിയേറ്റീവ് കെയർ യൂണിറ്റിൽ 971 രോഗികൾ രജിസ്റ്റർ ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ അഞ്ച് വർഷം 12,424 തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ നൽകാൻ സാധിച്ചതും സദസ്സിൽ ചർച്ച ചെയ്തു.

280 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. സദസ്സിന്റ ഭാഗമായി ഒരുക്കിയ കെ-സ്മാർട്ട് ക്ലിനിക്കിലൂടെ കെട്ടിട നികുതി രസീത്, ബിൽഡിംഗ് സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവിധ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കി. സദസ്സിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിജ്ഞാന കേരളം തൊഴിൽ മേളയിൽ 71 തൊഴിലന്വേഷകർ പങ്കെടുത്തു. ആറ് കമ്പനികളിലേക്കാണ് അഭിമുഖം നടത്തിയത്.

ചടങ്ങിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആർ പുഷ്പലത മധു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വത്സല മോഹൻ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ മധു കലവറ, വികസന സദസ്സ് പ്രോഗ്രാം കൺവീനർ ജെ സഞ്ജുദേവ് തുടങ്ങിയവർ പങ്കെടുത്തു.