പള്ളിപ്പാട് പഞ്ചായത്തിൽ പകൽവീട് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ നിര്‍മ്മാണം പൂർത്തീകരിച്ച പകൽ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് 22,88,646 രൂപ ചെലവിൽ 20 പേർക്ക് താമസിക്കാവുന്ന പകൽവീടാണ് നിർമ്മിച്ചത്. താഴത്തെയും മുകളിലെയും നിലകൾ 46.36 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ഒരുക്കിയത്. അഞ്ചാം വാർഡിൽ തെക്കേക്കര കിഴക്ക് സ്ഥിതി ചെയ്യുന്ന പകൽ വീട്ടിൽ സിറ്റ്ഔട്ട്, ഹാൾ, അടുക്കള, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 60 വയസ്സ് പൂർത്തിയായവർക്കാണ് പ്രവേശനം. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്താണ് പകൽ വീട് നിർമിച്ചത്.
ഉദ്ഘാടന ചടങ്ങിൽ പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ആർ രഞ്ജിനി അധ്യക്ഷയായി. ഒമ്പതാം വാർഡിൽ പുനരുദ്ധാരണം നടത്തിയ പങ്കിക്കുളം ഉദ്ഘാടന പ്രഖ്യാപനവും വേദിയിൽ നടന്നു.