കരിമല ടൂറിസം,സ്മാര്‍ട്ട് അങ്കണവാടികള്‍, ഹൈടെക്ക് ക്ലാസ്മുറികള്‍: കൊന്നത്തടിയിലെ വിവിധ പദ്ധതികള്‍ പൂര്‍ത്തിയായി

post

ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തികരണ പ്രഖ്യാപനം  മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. മുനിയറ-കരിമല-വട്ടക്കണ്ണിപ്പാറ റോഡിന് അടുത്ത ബജറ്റില്‍ 5 കോടി രൂപ അനുവദിക്കുമെന്നും ബിഎംആന്റ്ബിസി നിലവാരത്തില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള അനുമതി നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ചെറുതോണിയില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കുന്നതോടെ മുനിയറ-പണിക്കന്‍കുടി-മരക്കാനം- ചിന്നാര്‍ നിരപ്പ് മേഖലകളില്‍ കെഎസ്ആര്‍ടിസി ഗ്രാമീണ ബസ് സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.  

കരിമല ടൂറിസം പദ്ധതി, 22 സ്മാര്‍ട്ട് അങ്കണവാടികള്‍, ഹൈടെക്ക് ക്ലാസ്മുറികളാക്കിയ കൊന്നത്തടി ഗവ.എല്‍.പി സ്‌കൂള്‍, കൊന്നത്തടി യു.പി സ്‌കൂള്‍, മുതിരപ്പുഴ ഗവ.എല്‍.പി സ്‌കൂള്‍,സംസ്ഥാന സര്‍ക്കാരിന്റെ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  18 ലക്ഷം രൂപ ചെലവില്‍  പഞ്ചായത്തിലെ 19 വാര്‍ഡുകളിലും തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതും, കൂടാതെ 18 ലക്ഷം രൂപ ചെലവില്‍ 31 സോളാര്‍ ലൈറ്റുകളും സ്ഥാപിച്ചത് തുടങ്ങി പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ പ്രഖ്യാപനമാണ് മന്ത്രി നിര്‍വഹിച്ചത്.

മുനിയറ ടൗണില്‍ സംഘടിപ്പിച്ച യോഗത്തില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി മല്‍ക്ക, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സുമംഗല വിജയന്‍, മേരി ജോര്‍ജ്, അച്ചാമ്മ ജോയി, അനീഷ് ബാലന്‍, റ്റി.കെ കൃഷ്ണന്‍കുട്ടി, വിവിധരാഷ്ട്രീയ കക്ഷി നേതാക്കളായ ഷാജി കാഞ്ഞമല, ഷാജി കൊച്ചുപുര, വി.എം ബേബി, ഷിജു മാനാംതടം എന്നിവര്‍ പങ്കെടുത്തു.