നേട്ടങ്ങളും തുടര്‍ വികസനവും ചര്‍ച്ച ചെയ്ത് മാങ്കുളം ഗ്രാമപഞ്ചായത്ത് വികസന സദസ്

post

ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും ഭാവിയില്‍ നടപ്പാക്കേണ്ട പദ്ധതികളും ചര്‍ച്ച ചെയ്ത് ഇടുക്കി മാങ്കുളം ഗ്രാമപഞ്ചായത്ത് വികസനസദസ്.ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ രേഖ ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു.കഴിഞ്ഞ 5 വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍. എസ്  അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഷിക പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന പദ്ധതി വിഹിതം, എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഡിജി കേരളം പദ്ധതി പ്രകാരം 875 പേര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുവാനും ലൈഫ് ഭവന പദ്ധതി പ്രകാരം 492 ഭവനരഹിതര്‍ക്ക് വീട് നല്‍കുവാനും പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. കുടിയേറ്റ ഗ്രാമമായ മാങ്കുളത്ത് 5   വര്‍ഷം കൊണ്ട് 96,75,061 രൂപയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് നടത്തിയിട്ടുള്ളത്.

 504 പുതിയ ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുവാനും ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. റോഡുകള്‍, വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മാങ്കുളം  ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടുണ്ട്. സദസിന്റെ ഭാഗമായി പദ്ധതികളെക്കുറിച്ച് നിരവധി നിര്‍ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു. കെ-സ്മാര്‍ട്ട് സൗകര്യവും വേദിയില്‍ സജ്ജമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് പഞ്ചായത്തുകള്‍ തോറും വികസന സദസുകള്‍ സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ അഡ്വ. എ. രാജ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ  ദിലീപ്,  മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍, വൈസ് പ്രസിഡന്റ് അനില്‍ ആന്റണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഭവ്യ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രവീണ്‍ ജോസ്, മാങ്കുളം  ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതസേന അംഗങ്ങള്‍ , വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.