മാങ്കുളം ബസ് സ്റ്റാന്റ് നിര്‍മ്മാേണാദ്ഘാടനം നടത്തി

ഇടുക്കി മാങ്കുളം ബസ് സ്റ്റാന്റ് നിര്‍മ്മാേണാദ്ഘാടനവും മാങ്കുളം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസും പഞ്ചായത്ത് രജത ജൂബിലി ആഘോഷവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിച്ചു.
എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണ് സംസ്ഥാന സര്‍ക്കാരെന്നും അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി നവംബര്‍ ഒന്നിന് പ്രഖ്യാപിക്കപ്പെടുന്ന കേരളം രാജ്യത്തെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു .
സാധാരണ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കി. ആരോഗ്യം,വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തി. കോവിഡ്, പ്രളയം തുടങ്ങിയ ദുരിത ഘട്ടങ്ങളില്‍ ജനങ്ങളോടൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനും സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
ബസ് സ്റ്റാന്റിന്റെ നിര്‍മ്മാണോദ്ഘാടനത്തിന്റെ ഭാഗമായി ജില്ലാ ആസ്ഥാനത്തെയും മാങ്കുളത്തെയും ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മാങ്കുളത്ത് ബസ് സ്റ്റാന്‍ഡ് ഇല്ലാത്തത് പൊതുജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതിന് പരിഹാരമായാണ് മാങ്കുളം ടൗണില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 1 കോടി 48 ലക്ഷം രൂപ മുതല്‍ മുടക്കി ബസ്് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെയാണ് ബസ് സ്റ്റാന്‍ഡ് എന്ന പഞ്ചായത്തിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നത്.
മാങ്കുളം പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. മാങ്കുളം പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം അഡ്വ. എ. രാജ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് മുന്‍ ജനപ്രതിനിധികളെ ആദരിച്ചു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍, വൈസ് പ്രസിഡന്റ് അനില്‍ ആന്റണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഭവ്യ കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രവീണ്‍ ജോസ്, മാങ്കുളം, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.