പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്‌ഘാടനം ചെയ്തു

post

സമൂഹത്തിലെ എല്ലാവർക്കും ഇടം കൊടുത്തുകൊണ്ടുള്ള വികസനമാണ് സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വികസനസദസ്സ് ബിഗ് ഡേ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസന സദസ്സിനെക്കുറിച്ച് കില ജില്ലാ റിസോഴ്‌സ് പേഴ്‌സൺ എം. ബാബുരാജ് അവതരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മൺ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. ഭാവി വികസന ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങൾ അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി പ്രശാന്ത്, മുൻ എം എൽ എ കെ കെ നാരായണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി ബിജു, ചന്ദ്രൻ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ കെ.കെ. സുഗതൻ, എം. ശൈലജ, എൻ. ബീന, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സഞ്ചന, വാർഡ് അംഗം കെ.കെ പ്രജിത്ത്, അസി. സെക്രട്ടറി കെ. പത്മനാഭൻ, വിവിധ രാഷ്ട്രീയ പ്രധിനിധികളായ എം.കെ.മുരളി, പി. പ്രകാശൻ മാസ്റ്റർ, കെ. ശിവദാസൻ, റഹൂഫ് മാസ്റ്റർ, വി.കെ ഗിരിജൻ എന്നിവർ സംസാരിച്ചു.

വികസന നിർദേശങ്ങളുമായി ഓപ്പൺ ഫോറം

പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വികസനം ഊർജിതമാക്കാനുള്ള പൊതുജന നിർദേശങ്ങളും ആശയങ്ങളുമായി വികസന സദസ്സ് ഓപ്പൺ ഫോറം സജീവമായി. സഞ്ചരിക്കുന്ന ആരോഗ്യ ക്ലിനിക്കുകൾ നിശ്ചിത ഇടവേളകളിൽ ഓരോ പ്രദേശത്തും സന്ദർശിക്കുക, കിടപ്പുരോഗികൾക്ക് സ്വാന്തന പരിചരണം ലഭ്യമാക്കുക, ഗ്രാമീണ റോഡ് ടാറിങ്, പ്രധാന കേന്ദ്രങ്ങളിൽ പൊതുശൗചാലയം തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു.

പഞ്ചായത്തിലുള്ളവർക്ക് തൊഴിൽ നൽകാനായി ഒരു സ്ഥാപനം ആരംഭിക്കാൻ മുൻകൈ എടുക്കണമെന്നും അഞ്ചരക്കണ്ടി പുഴയിൽ ബോട്ട് സർവ്വീസ് ആരംഭിക്കണമെന്നും മുൻ എം എൽ എ കെ.കെ നാരായണൻ പറഞ്ഞു. പഞ്ചായത്തിന് കീഴിൽ ബസ് സ്റ്റാൻഡ് സ്ഥാപിക്കണമെന്ന് റഫീഖ് മാസ്റ്റർ അഭിപ്രായപ്പെട്ടു. പഞ്ചായത്തിന് കീഴിൽ പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്ത് തുടർനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രശാന്ത് അറിയിച്ചു.

ഊർജ്ജ ഉത്പാദനത്തിന് സ്വന്തം സൗരനിലയം; സമഗ്ര വികസന മാതൃകയായി പെരളശ്ശേരി പഞ്ചായത്ത്

ഊർജ്ജ ഉത്പാദനത്തിന് സൗരനിലയം എന്ന ആശയം ആവിഷ്‌കരിച്ചു നടപ്പാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് മുന്നോട്ട് വച്ചത് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് പുതിയൊരു മാതൃക. കേരളത്തിലെ ആദ്യത്തെ ഗ്രൗണ്ട് മൗണ്ടഡ് സൗരോർജ നിലയമാണ് പിലാത്തിയിലെ മിനി വ്യവസായ എസ്റ്റേറ്റ് ഭൂമിയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയത്.

കഴിഞ്ഞ മാർച്ചിൽ പ്രവൃത്തി തുടങ്ങിയ പ്ലാന്റിൽനിന്ന് വൈദ്യുതി ഉൽപാദനം ആരംഭിച്ചു. പഞ്ചായത്ത്, കൃഷി ഓഫീസുകളടക്കം മറ്റ് ഓഫീസുകൾ, അങ്കണവാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയും. തരിശായി കിടന്ന 30 സെന്റ് സ്ഥലത്താണ് 150 കിലോ വാട്ട് ശേഷിയുള്ള ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്ലാന്റുകൾ സ്ഥാപിച്ചത്. 545 വാട്ട് ശേഷിയുള്ള നൂതന മോണോ പെർക്ക് സാങ്കേതിക വിദ്യയിലുള്ള 276 പാനലുകളാണ് ഇവിടെയുള്ളത്. 600 യൂനിറ്റ് വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യമിടുന്നത.് മിച്ചം വരുന്ന വൈദ്യുതി വ്യവസായ എസ്റ്റേറ്റിലെ മറ്റ് സംരംഭകർക്കും കെഎസ്ഇബിക്കും കൈമാറും. സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതിക്ക് ഒരുപഞ്ചായത്ത് മുൻകൈയെടുക്കുന്നത് ആദ്യമായാണ്.

കൂടാതെ മാലിന്യമുക്ത പ്രവർത്തനങ്ങൾ, കുടിവെള്ള വിതരണ പദ്ധതികൾ എന്നിവ ഫലപ്രദമായി നടപ്പാക്കിയതിനുള്ള ദേശീയ പുരസ്‌കാരം പെരളശ്ശേരി പഞ്ചായത്തിന് ലഭിച്ചത് മറ്റൊരു മികച്ച നേട്ടമാണ്. പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും വാതിൽപ്പടി ശേഖരണം ഹരിതകർമ്മസേന വഴി നടത്തുന്നു. വീടുകളിൽ റിങ് കമ്പോസ്റ്റ്, തുമ്പൂർ മൂഴി മാലിന്യ സംസ്‌കരണ യുണിറ്റുകൾ, ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ എന്നിവയിലൂടെ ഫലപ്രദമായ ശുചിത്വ പ്രവർത്തനങ്ങൾ മാലിന്യ മുക്ത പെരളശ്ശേരി സാധ്യമാക്കി. സംസ്ഥാന സർക്കാരിന്റെ ചെറുപട്ടണങ്ങൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി മികച്ച രീതിയിൽ നടപ്പാക്കിയതിലൂടെ മൂന്നുപെരിയ, കോട്ടം, വെള്ളച്ചാൽ എന്നിവ നവീകരിച്ചു. പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

25 കോടി രൂപ ചെലവിൽ മാവിലായി ഹെറിട്ടേജ് വില്ലേജ്, 55 കോടിയുടെ ചെറുമാവിലായി-പാറപ്രം റെഗുലേറ്റർ കം ബ്രിഡ്ജ്, 18 കോടി വീതം ചെലവിൽ കോട്ടംചേരിക്കൽ, കീഴത്തൂർ പാലങ്ങൾ, 25.75 കോടിയുടെ പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിങ്ങനെ അഞ്ച് വർഷം കൊണ്ട്  ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. റോഡുകളുടെ നവീകരണം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ 218,715 തൊഴിൽ ദിനങ്ങൾ, ജൈവവൈവിധ്യ, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ, ശിശുസൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യത്തിനായി അങ്കണവാടികളുടെ നവീകരണം, പുതിയ കെട്ടിടങ്ങൾ നിർമ്മാണം, സ്ത്രീസൗഹൃദ പദ്ധതികൾ, ആരോഗ്യകേന്ദ്രങ്ങളുടെ നവീകരണം, അടിസ്ഥാന സൗകര്യ വികസനം, മൃഗസംരക്ഷണ മേഖയിലെ വിവിധ പ്രവർത്തനങ്ങൾ, കാർഷിക മേഖലയിലെ ഇടപെടലുകൾ എന്നിങ്ങനെ സമസ്ത മേഖലയിലും വികസനം കൈവരിക്കാൻ പഞ്ചായത്ത് ഭരണസമതിക്ക് സാധിച്ചു.

വികസന സദസ്സിൽ സേവനമൊരുക്കി വിജ്ഞാനകേരളവും കെ സ്മാർട്ടും

പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സിൽ പങ്കെടുത്തവർക്കായി ശ്രദ്ധേയ സേവനങ്ങൾ ഒരുക്കി കെ സ്മാർട്ടും വിജ്ഞാനകേരള പദ്ധതിയും. കെ-സ്മാർട്ട് ക്ലിനിക്ക് പഞ്ചായത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് അവസരമൊരുക്കി. കെട്ടിട നികുതി ഒടുക്കി രസീത് നൽകൽ, ബിൽഡിംഗ് സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെ-സ്മാർട്ട് സൈറ്റിൽ ലോഗിൻ ഐ.ഡി നിർമിച്ച് നൽകൽ, മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകൽ, കെട്ടിടം ലിങ്ക് ചെയ്തു നൽകൽ തുടങ്ങിയ സേവനങ്ങളാണ് ക്ലിനിക്കിൽ ലഭ്യമാക്കിയത്. പങ്കെടുക്കാനെത്തിയവർക്ക് ആവശ്യമായ പഞ്ചായത്ത് സേവനങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കെ-സ്മാർട്ട് ക്ലിനിക്ക് സഹായകമായി.

ഒക്ടോബർ 19 ന് നടത്തുന്ന വിജ്ഞാന കേരളം പഞ്ചായത്ത് തല പ്രാദേശിക തൊഴിൽ മേളയിലേക്ക് തൊഴിലന്വേഷകർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരവും വികസന സദസ്സിൽ ഒരുക്കി.