തളിപ്പറമ്പ് തീപ്പിടിത്തം; വിവിധ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

കണ്ണൂർ തളിപ്പറമ്പ് നഗരത്തിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ നശിച്ച വ്യാപാര സ്ഥാപനങ്ങള്‍ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. റവന്യൂ, പോലീസ്, ഫോറന്‍സിക്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഫയര്‍ഫോഴ്‌സ് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. രാവിലെ 9.30 മണിക്ക് ആരംഭിച്ച പരിശോധനയില്‍ അഗ്‌നിബാധയുടെ കാരണം, ഉണ്ടായ നാശനഷ്ടം തുടങ്ങിയ കാര്യങ്ങളും വിലയിരുത്തി. അഗ്‌നി ബാധയില്‍ നശിച്ച കടകള്‍ ഉടമകളുടെ സാന്നിധ്യത്തില്‍ പോലീസ് പരിശോധിച്ച് മഹസര്‍ തയ്യാറാക്കി. ഫോറന്‍സിക് വിദഗ്ധര്‍ ദുരന്ത സ്ഥലത്തു നിന്നും സാംപിളുകള്‍ ശേഖരിച്ചു. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി സർക്കാറിലേക്ക് സമർപ്പിക്കും.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ അഗ്‌നിബാധയില്‍ മൂന്നു ഷോപ്പിംങ് കോംപ്ലക്‌സുകളിലായി 112 കട മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. തളിപ്പറമ്പ്, കണ്ണൂര്‍, പയ്യന്നൂര്‍, പെരിങ്ങോം, തലശ്ശേരി, മട്ടന്നൂര്‍, പേരാവൂര്‍, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ സ്റ്റേഷനുകളിലെ 14 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകളാണ് തീയണയ്ക്കാന്‍ ഉപയോഗിച്ചത്. കണ്ണൂർ വിമാനത്താവള ഫയർ ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. ഏഴ് മണിക്കൂര്‍ സമയമെടുത്താണ് പൂര്‍ണമായും തീയണച്ചത്.