വികസന മുന്നേറ്റങ്ങളുടെ നേര്‍ച്ചിത്രം പങ്കുവെച്ച് ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ പങ്കുവച്ച് കോഴിക്കോട് ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. പൂനൂര്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് നിജില്‍ രാജ് അധ്യക്ഷനായി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വിവിധ സാമൂഹിക മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെയും ഹരിത കര്‍മ സേന അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കല്‍, ലൈഫ് ഭവന പദ്ധതില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരെ സര്‍വേയിലൂടെ കണ്ടെത്തി ഭവനം ലഭ്യമാക്കല്‍, ഗ്രാമപഞ്ചായത്തിന് കീഴിലെ ഗ്രൗണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കല്‍, ക്ഷീര കര്‍ഷകരെ സംരക്ഷിക്കുന്നതിന് കാലിത്തീറ്റ സബ്‌സിഡി നല്‍കുകയും ക്ഷീര കര്‍ഷകരെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്യല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ എം കെ വനജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം കെ വിപിന്‍, ടി കെ റിന, ജിഷ, കാഞ്ചന രാജന്‍, ആനിസ ചക്കിട്ടക്കണ്ടി, സീനത്ത് പള്ളിയാലില്‍, വിമല, ഗിരിജ തെക്കേടത്ത്, റീന പ്രകാശ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി കെ അഞ്ജലി, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ പി പ്രിയേഷ്, റിസോഴ്‌സ് പേഴ്‌സണ്‍ കെ സജിന തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
യാഥാര്‍ഥ്യമാക്കിയത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍
വിവിധ മേഖലകളില്‍ സമാനതകളില്ലാത്ത വികസന നേട്ടങ്ങള്‍ കൈവരിച്ച് ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 164 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കാന്‍ പഞ്ചായത്തിനായി. ഇതില്‍ 38 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കി. 40 കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണം പൂര്‍ത്തിയാക്കി. അതിദരിദ്രരില്‍ തൊഴിലിലൂടെ വരുമാനം കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് അതിനുള്ള സംവിധാനവും പഞ്ചായത്ത് ഒരുക്കി നല്‍കി. ഇത്തരത്തില്‍ എട്ടുപേര്‍ക്കാണ് സഹായം ലഭിച്ചത്.
ഡിജി കേരളം പദ്ധതിയുടെ ഭാഗമായി 3,422 പഠിതാക്കളുടെ പരിശീലനവും ഇവാല്വേഷനും പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് സാധിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 543 പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുകയും 286 പേര്‍ക്ക് വീട് നല്‍കുകയും ചെയ്തു. പുതുതായി 50 പേരെ കൂടി വീട് നല്‍കുന്നതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.
കൃത്യമായ മാലിന്യ ശേഖരണവും സംസ്‌കരണവും പഞ്ചായത്തില്‍ നടപ്പാക്കി വരുന്നുണ്ട്. 54.58 ശതമാനമാണ് വാതില്‍പടി ശേഖരണം. 47 ഹരിത കര്‍മ സേന അംഗങ്ങളാണ് മാലിന്യ ശേഖരണം നടത്തുന്നത്. 65ഓളം മാലിന്യ ശേഖരണ ബിന്നുകളും 54 ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചു. 13,800 കുടുംബങ്ങളാണ് ഹരിതമിത്രം ആപ്പ് ഉപയോഗിക്കുന്നത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 133 പ്രവൃത്തികളാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നത്. 298 രോഗികള്‍ക്ക് പാലിയേറ്റീവ് സംവിധാനത്തിലൂടെ പരിചരണം ലഭിക്കുന്നുണ്ട്. കെ സ്മാര്‍ട്ട് പദ്ധതിയിലൂടെ 49,994 പേര്‍ക്ക് സേവനം നല്‍കി.
ആയുര്‍വേദ ആശുപത്രി, ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, ഫാമിലി ഹെല്‍ത്ത് സെന്ററിന് അനുബന്ധ കെട്ടിടം, പഞ്ചായത്ത് സ്റ്റേഡിയം നവീകരണം, വര്‍ക്ക് ഷെഡ് നിര്‍മാണം, ഒന്നരക്കോടിയുടെ കാര്‍ഷിക വികസന പദ്ധതികള്‍, തരിശ് രഹിത പ്രവര്‍ത്തനങ്ങള്‍, 12.5 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ വികസനം തുടങ്ങിയ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ അഞ്ച് വര്‍ഷത്തിനിടെ നടത്തിയത്.