യുവജന കമീഷന്‍ സംസ്ഥാനതല പ്രസംഗമത്സരം സംഘടിപ്പിച്ചു

post

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമീഷന്‍ സംസ്ഥാന തലത്തില്‍ ഇ എം എസ് മെമോറിയല്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളേജില്‍ നടന്ന മത്സരം യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം ഷാജര്‍ ഉദ്ഘാടനം ചെയ്തു.

അമ്പതിലധികം പേര്‍ പങ്കെടുത്ത മത്സരത്തില്‍ മലപ്പുറം മുത്തനൂര്‍ സ്വദേശി എം പി ഫഹീം ബിന്‍ മുഹമ്മദ് ഒന്നും ആലപ്പുഴ സനാതനപുരം സ്വദേശിനിയും കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയുമായ ദിയ ട്രീസാ തോമസ് രണ്ടും കോഴിക്കോട് വടകര സ്വദേശിയും കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് വിദ്യാര്‍ഥിയുമായ വി ആര്‍ പ്രണവ് മോഹന്‍ മൂന്നും സ്ഥാനം നേടി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ഇഎംഎസ് സ്മാരക ട്രോഫിയും യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ എ സുമിത അധ്യക്ഷയായി. യുവജന കമ്മീഷന്‍ അംഗം പി സി ഷൈജു, യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ ആര്‍ എസ് അരുണ്‍ ബാബു, യുവജന കമീഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ടി അതുല്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഫിദല്‍ മനോഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.