വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിച്ച് ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

post

സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കോഴിക്കോട് ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സദസ്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ സേന അംഗങ്ങള്‍ക്കുള്ള ആദരവും അദ്ദേഹം നിര്‍വഹിച്ചു. 

ചേളന്നൂര്‍ ലീല അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എന്‍ രമേശന്‍ അധ്യക്ഷനായി. പ്രോഗ്രസ് റിപ്പോര്‍ട്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുജ അശോകന്‍ പ്രകാശനം ചെയ്തു.സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളുടെ അവതരണം ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ കെ അബിനേഷ് കുമാറും പഞ്ചായത്തിന്‍േറത് സെക്രട്ടറി കെ മനോജ് കുമാറും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷീന ചെറുവത്ത്, എന്‍ ഫാസില്‍, വാര്‍ഡ് മെമ്പര്‍മാരായ ടി വത്സല, എം കെ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ഷീജകുമാരി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി പി ബിനിഷ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിനു കീഴില്‍ തൊഴില്‍ പരിശീലന സംവിധാനവും കളി സ്ഥലങ്ങളും ഒരുക്കണമെന്നും പഞ്ചായത്തുകള്‍ക്ക് കീഴില്‍ പൊതുശ്മശാനം, 60 വയസ്സ് കഴിഞ്ഞവര്‍ക്ക് സാന്ത്വന കേന്ദ്രം, ടൗണ്‍ഷിപ്പ്, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് കേന്ദ്രീകൃത ചന്ത എന്നിവ ആരംഭിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വികസന വീഡിയോയുടെ പ്രദര്‍ശനം, പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടി, സാംസ്‌കാരിക സദസ്സ് എന്നിവയും ഉണ്ടായി.

ശ്രദ്ധേയമായി ചിത്രപ്രദര്‍ശനം
ചേളന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ഭരണ നേട്ടങ്ങളുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ്, ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ ആര്‍ദ്രം, പൊതുവിദ്യാഭ്യാസ യജ്ഞം, മാലിന്യ നിര്‍മാര്‍ജനവും ഹരിത സംസ്‌കാരവും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച ഹരിത കേരളം മിഷന്‍ തുടങ്ങിയവയിലൂടെ കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശനത്തില്‍ മുഖ്യവിഷയങ്ങളായി. കെ സ്മാര്‍ട്ട് ക്ലിനിക്കും സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ചു. 

വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി കുടുംബശ്രീ വിപണന സ്റ്റാളുകള്‍
 വികസന സദസ്സിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുമായി കുടുംബശ്രീ വിപണന മേള. കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന മഞ്ഞള്‍പ്പൊടി,മുളകുപൊടി (കാശ്മീരി പിരിയന്‍), മല്ലിപ്പൊടി മുതലായ കറി പൗഡറുകള്‍, കുരുമുളകുപൊടി, സാമ്പാര്‍ മസാല ഉള്‍പ്പെടെയുള്ള മസാല പൊടികള്‍, അരിയുണ്ട, മുറുക്ക് തുടങ്ങിയ ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഹോം മെയ്ഡ് സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഹാന്‍ഡ് മെയ്ഡ് സോപ്പുകള്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവയാണ് മേളയില്‍ വില്‍പനക്കെത്തിച്ചത്.