തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികൾക്കുള്ള പരിശീലനം തുടങ്ങി

post

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് ചുമതല നിശ്ചയിക്കപ്പെട്ട വരണാധികാരികൾ, ഉപ വരണാധികാരികൾ എന്നിവർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ.കെ. ബിനി അധ്യക്ഷയായി.

നാമനിർദ്ദേശ പത്രിക സ്വീകരിക്കുമ്പോൾ മുതൽ ഫലപ്രഖ്യാപനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ വരണാധികാരികൾ, ഉപ വരണാധികാരികൾ എന്നിവർ നിർവ്വഹിക്കേണ്ട ചുമതലകൾ സംബന്ധിച്ച് വിശദമായ പരിശീലനം നൽകി. നാമനിർദ്ദേശം, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാനേജ്മെന്റ് എന്നിങ്ങനെ നാലു സെഷനുകളിലായി കെ. മോഹനൻ, ടി.വി. നാരായണൻ, ടി. ജിജേഷ് എന്നിവർ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ് ബ്ലോക്കുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെയിനിങ് നോഡൽ ഓഫീസർ പി ബി കെ മഞ്ജുഷ അധ്യക്ഷയായി. ഇരിക്കൂർ, എടക്കാട്, കണ്ണൂർ, ഇരിട്ടി ബ്ലോക്കുകൾക്ക് കീഴിലെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു. കണ്ണൂർ എൽ എസ് ജി ഡി സീനിയർ സൂപ്രണ്ട് ഷാജി കൊഴുക്കുന്നോൻ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി. ശേഷിക്കുന്ന തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള വരണാധികാരികൾ, ഉപ വരണാധികാരികൾ എന്നിവർക്ക് ബുധനാഴ്ച പരിശീലനം നൽകും.