പയ്യന്നൂര്‍ കോളേജില്‍ പച്ചത്തുരുത്തൊരുങ്ങി

post

ഹരിതകേരളം മിഷന്റെയും കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ കണ്ണൂർ പയ്യന്നൂര്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ് 11 നിര്‍മിച്ച പച്ചത്തുരുത്ത് 'ഫ്രൂട്ട് ഓര്‍ച്ചാര്‍ഡ്' കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എം സന്തോഷ് അധ്യക്ഷനായി.

ചാമ്പ, പേര, ഞാവല്‍, നാടന്‍ മാവ്, സീതപ്പഴം, കടച്ചക്ക തുടങ്ങിയ എഴുപതോളം തൈകളാണ് പച്ചത്തുരുത്തില്‍ നട്ടത്. കലാലയത്തെ പൂര്‍ണമായും പച്ചപ്പിലെത്തിക്കാനുള്ള കഠിന പരിശ്രമമാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച കലാലയ പച്ചത്തുരുത്തിനുള്ള ഹരിത കേരളം മിഷന്റെ അവാര്‍ഡ് നേടിയ കോളേജാണ് പയ്യന്നൂര്‍. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ പച്ചത്തുരുത്താണ് ഇത്.

ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, പയ്യന്നൂര്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റ് കെ.കെ സുരേഷ് കുമാര്‍, ബോട്ടണി വിഭാഗം മേധാവി ഡോ. രതീഷ് കുമാര്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ്, ഹരിതകേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്സണ്‍മാരായ പി അരുള്‍, ശ്രീരാഗ് രമേശ്, എന്‍ എസ്എസ് യൂണിറ്റ് 11 കോ ഓര്‍ഡിനേറ്റര്‍ മഞ്ജു ആര്‍. നാഥ്, യൂണിറ്റ് സെക്രട്ടറി അഭിന്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.