ചെരിക്കോട് മുണ്ടയാട്ട് കുളം പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

കണ്ണൂർ ശ്രീകണ്ഠപുരം നഗരസഭയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചെരിക്കോട് മുണ്ടയാട്ട് കുളത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി അഡ്വ. സജീവ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപയും നഗരസഭയില്‍ നിന്നനുവദിച്ച 10 ലക്ഷം രൂപയുമുപയോഗിച്ചാണ് നവീകരണം. കുടിവെള്ളം, കൃഷി, നീന്തല്‍ പരിശീലനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് കുളം ഉപയോഗിക്കുക. 

നഗരസഭ അധ്യക്ഷ ഡോ. കെ.വി ഫിലോമിന അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ ശിവാനന്ദന്‍, സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രാംഗതന്‍ മാസ്റ്റര്‍, ജോസഫിന ടീച്ചര്‍, ത്രേസ്യാമ്മ മാത്യു, കെ സി ജോസഫ്, കൗണ്‍സിലര്‍മാരായ ടി.വി നാരായണന്‍, വിവിധ രാഷ്ട്രീയ കക്ഷി, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.