തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; സിനിമാ താരങ്ങള്‍ കോളേജുകളിൽ പ്രചരണത്തിനെത്തി

post

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 16 മുതല്‍ 19 വരെ കണ്ണൂർ തലശ്ശേരിയില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രചരണാര്‍ഥം 'സിനിമാ താരങ്ങള്‍ കോളേജുകളിലേക്ക്' പരിപാടിക്ക് തുടക്കമായി. തലശ്ശേരി കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി കോളേജില്‍ നടി ഗീതി സംഗീത പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫെസ്റ്റിവല്‍ രജിസ്ട്രേഷന്‍ ബോര്‍ഡ് അടങ്ങുന്ന ഡിസ്പ്ലേ ബോര്‍ഡ് പ്രകാശനവും നിര്‍വഹിച്ചു.  

ഒക്ടോബര്‍ ഏഴിന് രാവിലെ 11 മണിക്ക് തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിലും ഉച്ചക്ക് രണ്ട് മണിക്ക് ക്രൈസ്റ്റ് കോളേജിലും ആശാ അരവിന്ദും ഗീതി സംഗീതയും പങ്കെടുക്കും. എട്ടിന് കുക്കു പരമേശ്വരന്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലും മട്ടന്നൂര്‍ പഴശ്ശി രാജാ എന്‍ എസ് എസ് കോളേജിലും സന്ദര്‍ശനം നടത്തും. ഒന്‍പതിന് സന്തോഷ് കീഴാറ്റൂര്‍ പാലയാട് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിലും ഗവ. ബ്രണ്ണന്‍ കോളേജിലുമെത്തും. 10 ന് സിബി തോമസ് തോട്ടട എസ് എന്‍ കോളേജും ചൊക്ലി കോടിയേരി ബാലകൃഷ്ണന്‍ സ്മാരക കോളേജും സന്ദര്‍ശിക്കും.

  ഒക്ടോബര്‍ 16,17,18,19 തീയതികളില്‍ തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തിലാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 31 അന്താരാഷ്ട്ര സിനിമകളും 10 ഇന്ത്യന്‍ സിനിമകളും 14 മലയാള സിനിമകളുമടക്കം 55 സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

കോളേജ് അഡ്മിനിസ്ട്രേറ്റര്‍ കെ വേലായുധന്‍ അധ്യക്ഷനായി.ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി.ടി സജി, ജിത്തു കോളയാട്, സ്വപ്ന ജോസ്, സി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.