വികസന നേട്ടങ്ങള്‍ നിരത്തി കുറ്റ്യാടി; കോഴിക്കോട് ജില്ലയിൽ വികസന സദസ്സിന് തുടക്കം

post

സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമുള്ള വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള കോഴിക്കോട് ജില്ലയിലെ ആദ്യ വികസ സദസ്സിന് കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വികസനം തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയതിലൂടെ കൈവന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വീഡിയോ സന്ദേശം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കുറ്റ്യാടിയെ അതിദരിദ്രമുക്ത പഞ്ചായത്തായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ് പ്രഖ്യാപിച്ചു. ഗ്രാമപഞ്ചയത്തിലെ ജല ബജറ്റ് പ്രകാശനം എംഎല്‍എ നിര്‍വഹിച്ചു. കല, സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, സാമൂഹിക മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെ ചടങ്ങില്‍ ആദരിച്ചു. കാര്‍ഷിക മേഖലയെ സ്വയംപര്യാപ്തമാക്കല്‍, തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കല്‍, കുടുംബശ്രീ ശാക്തീകരണം എന്നിവക്കുള്ള പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അവരില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയെന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസ്സുകള്‍ സംഘടിപ്പിക്കുന്നത്.  

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സദസ്സില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കൈരളി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പി ചന്ദ്രന്‍ മാസ്റ്റര്‍, കെ പി ശോഭ, സബിന മോഹന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി കെ ബാബു, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ സി ബിന്ദു, കുറ്റ്യാടി സി ഐ കൈലാസ് നാഥ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു.