'ഹൃദയപൂര്‍വം' ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

post

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ 'ഹൃദയപൂര്‍വം' സി.പി.ആര്‍  പരിശീലന ബോധവല്‍ക്കരണ കാമ്പയിന്  തുടക്കം. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുര്യാക്കോസ് മാര്‍ ക്ലിമിസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു.  കോളേജ് വൈസ് പ്രിന്‍സിപ്പല്‍  ഡോ. സ്മിത സാറ പടിയറ അധ്യക്ഷയായി.

 ഹൃദയാഘാതം ഉണ്ടാകുന്ന രോഗിക്ക്  ശാസ്ത്രീയ ഹൃദയാഘാത പ്രഥമ ശുശ്രൂഷ ( സി. പി. ആര്‍)  നല്‍കുന്ന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശീലന  ബോധവല്‍ക്കരണ  കാമ്പയിനാണ് 'ഹൃദയപൂര്‍വം'.  യുവജനങ്ങളെയും മുന്‍നിര തൊഴില്‍ വിഭാഗം ജീവനക്കാരെയും പ്രഥമ ശുശ്രൂഷ നല്‍കാന്‍ പ്രാപ്തരാക്കുക, ഹൃദയസ്തംഭനത്തിന്റെ ലക്ഷണം നേരത്തെ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ്  ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി  വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രാദേശിക കേന്ദ്രങ്ങളിലും പരിപാടികള്‍  സംഘടിപ്പിക്കും.


ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍  ദിനാചരണ സന്ദേശം നല്‍കി. പത്തനംതിട്ട  എം. ജി. എം മുത്തൂറ്റ് മെഡിക്കല്‍  സെന്റര്‍ അത്യാഹിത വിഭാഗത്തിലെ ഡോ. വിഷ്ണു, ഡോ. അശ്വിന്‍  എന്നിവര്‍  സി.പി.ആര്‍  പരിശീലനം നല്‍കി. ബോധവല്‍ക്കരണ  സന്ദേശം അടങ്ങിയ ബോര്‍ഡുകളുടെ പ്രകാശനം ഡെപ്യൂട്ടി ഡിഎംഒ ഡോ. ഐപ്പ്  ജോസഫ് നിര്‍വഹിച്ചു. പന്തളം സി.എം ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടി ജി വര്‍ഗീസ്, ജില്ലാ ഡെപ്യൂട്ടി മാസ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍  ബിജു ഫ്രാന്‍സിസ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസമാരായ ഡോ. തോമസ് എബ്രഹാം, ആന്‍സി സാം, വിദ്യാര്‍ത്ഥികള്‍  എന്നിവര്‍ പങ്കെടുത്തു. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 19 കേന്ദ്രങ്ങളില്‍  സി.പി.ആര്‍ പരിശീലന  പരിപാടി സംഘടിപ്പിച്ചു