ബേപ്പൂർ ഗവ. എൽ പി സ്കൂൾ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ബേപ്പൂർ ഗവ. എൽ പി സ്കൂൾ പ്രീപ്രൈമറി വർണ്ണക്കൂടാരം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക ലോകത്തെ വിപ്ലവകരമായ മാറ്റങ്ങൾ മുന്നിൽകണ്ട് അതിന് അനുയോജ്യമായ രീതിയിൽ പ്രീപ്രൈമറി തലം മുതൽ സ്കൂളിൽ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എസ് എസ് കെ (സമഗ്ര ശിക്ഷ കേരളം) കോഴിക്കോടിൻ്റെ 11 ലക്ഷം രൂപയുടെ പദ്ധതിയിലാണ് ബേപ്പൂർ ഗവ. എൽ പി സ്കൂൾ പ്രൈമറി വിഭാഗത്തിൽ വർണ്ണക്കൂടാരം ഒരുങ്ങിയത്. പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി വിഭാഗത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് വർണ്ണക്കൂടാരം പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ ഇതുവരെ എഴുപത്തഞ്ചോളം വർണ്ണക്കൂടാരങ്ങൾ സ്കൂൾ തലങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ബേപ്പൂർ മണ്ഡലത്തിലെ ആറാമത്തേതാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ബേപ്പൂർ എൽ പി സ്കൂളിലെ എൽ കെജി, യുകെജി ക്ലാസുകളിലെ കുട്ടികൾക്ക് 13 ഇടങ്ങളിൽ വിവിധ സ്റ്റേജുകളിലായി പാർക്കുകളും ചുമർചിത്രങ്ങളും കാർട്ടൂണുകളും വർണ്ണക്കൂടാരത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രീ പ്രൈമറി ക്ലാസ്സ് റൂമുകളിലും ഫർണിച്ചർ, കുട്ടികൾക്കാവശ്യമായ ഉപകരണങ്ങൾ, ടി വി എന്നിവയുൾപ്പെടെ നൽകി.
ചടങ്ങിൽ കൗൺസിലർമാരായ ഗിരിജ ടീച്ചർ, ടി രജനി, എസ് എസ് കെ കോഴിക്കോട് പ്രൊജക്ട് കോഓഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം, സ്കൂൾ ഹെഡ്‌മാസ്റ്റർ വി മനോജ് കുമാർ, ബ്ലോക്ക് പ്രൊജക്ട് കോഓഡിനേറ്റർ പ്രവീൺകുമാർ, യുആർസി സൗത്ത് ട്രെയിനർ സുവർണ്ണ, എസ് എം സി ചെയർമാൻ ഫിനോഷ്, പിടിഎ പ്രസിഡൻ്റ് കെ ടി സ്മിജിത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.