പ്രകാശപൂരിതമാവാൻ കോഴിക്കോട്; 5000 എൽ ഇ ഡി വിളക്കുകൾ സ്ഥാപിക്കൽ പദ്ധതിക്ക് തുടക്കം

കോഴിക്കോട് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് പുതിയ 5000 എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും നവീകരിച്ച സെൻട്രൽ കൺട്രോൾ ആൻഡ് മോണിറ്ററിങ് സിസ്റ്റം (സിസിഎംഎസ്) പ്രഖ്യാപനവും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് കോഴിക്കോട് കോർപ്പറേഷന്റെ നിലവിലെ ഭരണസമിതി ഏറ്റെടുത്ത് നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.5000 വിളക്കുകൾ കത്തുമ്പോൾ ആ വെളിച്ചം ആശ്വാസമാകുന്നത് ലക്ഷക്കണക്കിന് മനുഷ്യർക്കാണ് എന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷൻ്റെ എൽ ഇ ഡി തെരുവ് വിളക്ക് പദ്ധതിയുടെ ഭാഗമായാണ് 5000 തെരുവ് വിളക്കുകൾ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. കോർപ്പറേഷനിലെ ജനങ്ങളുടെ ആവശ്യകതയും സുരക്ഷയും മുൻനിർത്തി നഗരത്തിലെ പ്രധാന റോഡുകളിൽ 2000 എണ്ണവും കോർപ്പറേഷനിലെ എല്ലാ വാർഡുകളിലുമായി 3000 എണ്ണവുമാണ് സ്ഥാപിക്കുന്നത്. തെരുവുവിളക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ് സെൻട്രൽ കൺട്രോൾ ആൻഡ് മോണിറ്ററിങ് സിസ്റ്റം (സിസിഎംഎസ്).
കർണ്ണാടക സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് കിയോണിക്സുമായി ചേർന്നാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുക. പദ്ധതിയിലൂടെ പരമ്പരാഗത തെരുവുവിളക്കുകൾ ഊർജ്ജക്ഷമത കൂടിയ എൽ ഇ ഡി തെരുവ് വിളക്കുകളാക്കി മാറ്റുകയും പുതിയവ സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. തെരുവുവിളക്കുകളുടെ ഊർജ്ജ ഉപഭോഗം ഗണ്യമായി കുറക്കാൻ ഇതുവഴി സാധിക്കും.
കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ എന്നിവർ മുഖ്യാതിഥികളായി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എം വി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷരായ പി സി രാജൻ, ഡോ. എസ് ജയശ്രീ, കോർപ്പറേഷൻ കൗൺസിലർമാർ, കിയോണിക്സ് ടെക്നിക്കൽ ഡയറക്ടർ നിശ്ചിത് വിക്ടർ ഡാനിയൽ, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി തുടങ്ങിയവർ പങ്കെടുത്തു.